ആസിഡ് ചോർച്ച; 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
text_fieldsപഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ രാമപുരം കൊത്തിക്കുഴിച്ച പാറയിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ട ടാങ്കർ ലോറിയിൽ നിന്നുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിച്ച് ടാങ്കർ യാത്രതുടർന്നു.
ആസിഡിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ പടർന്നതിനാൽ ക്രസന്റ് നർസിങ് കോളജിലെ 10 വിദ്യാർഥികൾക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനാൽ ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നത്. ചോർച്ച കണ്ടെത്തിയയുടൻ ഡ്രൈവർ ടാങ്കർ ലോറി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു. ശനിയാഴ്ച രാവിലെ 11ഓടെ മംഗളൂരുവിൽനിന്നെത്തിയ സാങ്കേതിക വിദഗ്ദർ ചോർച്ചയുള്ള ടാങ്കറിൽനിന്ന് മറ്റൊരു ടാങ്കറിലേക്ക് ആസിഡ് മാറ്റാൻ ശ്രമം നടത്തിയെങ്കിലും അസാധ്യമായതിനാൽ വാൽവ് മാറ്റി തകരാർ പരിഹരിക്കുകയായിരുന്നു. വെള്ളമടിച്ച്, ചോർന്ന മേഖലയിൽ ആസിഡ് നിർവീര്യമാക്കിയിരുന്നു.
ടാങ്കർ ലോറി നിർത്തിയിട്ട പ്രദേശത്തിന്റെ ഒരു കി.മീറ്റർ ചുറ്റളവിൽനിന്ന് ആളുകളെ മാറ്റിയും മാസ്ക് ധരിപ്പിച്ചുമാണ് ജോലി പൂർത്തിയാക്കിയത്. ടാങ്കറിലെ ഗണ്യമായ ഭാഗം ആസിഡ് ചോർച്ചയിൽ നഷ്ടമായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളായ സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21), അർജുൻ(21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും അഫ്സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നിവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘവും പ്രദേശത്ത് ജാഗ്രതയോടെ നിലകൊണ്ടു. കല്യാശ്ശേരി എം.എൽ.എ എം. വിജിൻ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.