കല്യാശ്ശേരി മണ്ഡലം: പത്ത് പഞ്ചായത്തുകളിലെ ഗാര്‍ഹിക കുടിവെള്ള പദ്ധതിക്ക് അംഗീകാരം
text_fieldsപഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ ജലജീവൻ മിഷൻ, കിഫ്ബി പദ്ധതികളിൽ ഉള്‍പ്പെടുത്തി മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന് നല്‍കുന്നതിന് 183.69 കോടി രൂപയുടെ സമഗ്ര പദ്ധതിക്ക് സർക്കാർ അംഗീകാരം. പദ്ധതിയുടെ ടെൻഡർ നടപടിയായതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും ഏകോപിപ്പിച്ച് നടത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് തീരുമാനിക്കുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു.
ജല ജീവൻ മിഷൻ പദ്ധതി മുഖേന 126.69 കോടിയും കിഫ്ബി പദ്ധതി മുഖേന 57 കോടിയുമാണ് സമഗ്ര കുടിവെള്ള പദ്ധതിക്ക് അനുവദിച്ചത്. കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂല്‍, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, പട്ടുവം, ചെറുതാഴം, മാടായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കുടിെവള്ളം എത്തിക്കുന്നതിന് മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി 454.45 കി.മീ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും 42382 ഗാര്‍ഹിക കണക്ഷൻ നല്‍കുന്നതിനും ഇതുവഴി സാധിക്കും.
ആദ്യഘട്ടത്തിലും രണ്ടാംഘട്ട പദ്ധതിയിലും ഉൾപ്പെടുത്തി നിലവിൽ 11878 പേർക്ക് ഗാർഹിക കണക്ഷൻ നൽകിയിട്ടുണ്ട്. കല്യാശ്ശേരി പഞ്ചായത്തില്‍ പുതുതായി 5651 കണക്ഷന് നല്‍കുന്നതിന് 17.75 കി.മീ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 13.53 കോടി, കണ്ണപുരം പഞ്ചായത്തില്‍ 2668 പുതിയ കണക്ഷന് 6.5 കി.മീ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 6.36 കോടി, ചെറുകുന്ന് 1638 പുതിയ കണക്ഷന് 12.5 കി.മീ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 5.32 കോടി, മാട്ടൂല്‍ പഞ്ചായത്തില്‍ 5549 പുതിയ കണക്ഷന് നല്‍കുന്നതിന് 15.50 കി.മീ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് 10.55 കോടി,
പട്ടുവം പഞ്ചായത്തില്‍ 2719 പുതിയ കണക്ഷന് എട്ട് കി.മീ നീളത്തില്‍ ൈപപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 5.05 കോടി, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ 3777 പുതിയ കണക്ഷന് 28.700 കി.മീ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 8.44 കോടി, ഏഴോം പഞ്ചായത്തില്‍ 2404 പുതിയ കണക്ഷന് 22.50 കി.മീ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 5.37 കോടി, മാടായി പഞ്ചായത്തിൽ പുതിയതായി ഗാർഹിക കുടിവെള്ള കണക്ഷൻ സ്ഥാപിക്കുന്നതിന് 63 കി.മീ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 21.92 കോടി, ചെറുതാഴത്ത് 173 കി.മീ പൈപ്പ് ലൈൻ പുതുതായി സ്ഥാപിക്കുന്നതിന് 31.20 കോടി, കുഞ്ഞിമംഗലം പഞ്ചായത്തിൽ 107 കി.മീ ലൈൻ പുതുതായി സ്ഥാപിക്കുന്നതിനും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനും 19 കോടി രൂപയുടേതുമാണ് ഭരണാനുമതി ലഭിച്ചത്.
പുതുതായി നിർമിക്കുന്ന കിഫ്ബി റോഡുകളിലും ഡി.എൽ.പിയിലുള്ള (ഗ്യാരൻറി പിരീഡ്) റോഡുകളിലും ഇരുവശത്തും വിതരണമുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാനും എം.എൽ.എ നിർദേശം നൽകി.
റോഡ് ക്രോസ് ചെയ്ത് പൈപ്പിടേണ്ട ഭാഗത്ത് റോഡുതുരന്ന് പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നും കൾവർട്ടുകൾ ഈ ആവശ്യത്തിന് പരമാവധി ഉപയോഗപ്പെടുത്തണമെന്നും റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ആവശ്യപ്പെട്ടു. പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്നും അതുവരെ ഷോൾഡർ കോൺക്രീറ്റ് ജോലി നിർത്തിവെക്കണമെന്നും പരമാവധി രണ്ടുമാസം കൊണ്ട് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ പഞ്ചായത്തുതലത്തിലും മണ്ഡലംതലത്തിലും കമ്മിറ്റികൾ രൂപവത്കരിക്കും.
പഞ്ചായത്തുതലത്തിൽ അതത് പഞ്ചായത്ത് പ്രസിഡൻറുമാർ, വാട്ടർ അതോററ്റി അസി. എൻജിനീയർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എൻജിനീയർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയും മണ്ഡലാടിസ്ഥാനത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ കണ്ണൂർ എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ സപ്ലൈ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ തളിപ്പറമ്പ്, അതത് അസി. എക്സിക്യൂട്ടിവ് എൻജിനീയർമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവരടങ്ങിയ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവൃത്തി നിർവഹണത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും.
മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും പദ്ധതി പൂർത്തിയാകുന്നതോടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തുന്ന മണ്ഡലമായി കല്യാശ്ശേരി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.