ജാഗ്രതൈ; മാലിന്യം തള്ളിയാൽ ‘സ്മാർട്ട് ഐ’ പിടികൂടും
text_fieldsപഴയങ്ങാടി: ഏഴോം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അധികാരികളുടെയും പൊതുജനങ്ങളുടെയും കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക. കണ്ണ് വെട്ടിച്ചുള്ള മാലിന്യ നിക്ഷേപം കണ്ടുപിടിക്കാൻ നിരീക്ഷണ കാമറകൾ വരുന്നു. ‘സ്മാർട്ട് ഐ’ പദ്ധതിയിൽ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട 13 കവലകളിൽ പ്രാഥമഘട്ടത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും.
കണ്ണൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ സാങ്കേതിക സഹായത്തോടെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. 13 കേന്ദ്രങ്ങളിൽ നിന്ന് കാമറ പകർത്തുന്ന ദൃശ്യങ്ങൾ ഏഴോം പഞ്ചായത്ത് ഓഫിസിൽ നിന്ന് നിരീക്ഷിക്കാനാവുന്ന രീതിയിലാണ് ക്രമീകരണം.
പരിമിതമായ കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം കാമറ സ്ഥാപിക്കുന്നത്. തുടർച്ചയായി പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും സ്ഥാപിക്കാനാണ് തീരുമാനം. പഞ്ചായത്തിന്റെ തീരദേശ മേഖലകൾ, കണ്ടൽക്കാട് സാന്നിധ്യ മേഖലകൾ, പൊതു നിരത്തുകൾ എന്നിവിടങ്ങളിൽ മാലിന്യ നിക്ഷേപം തകൃതിയായ സാഹചര്യത്തിലാണ് പഞ്ചായത്ത് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
പുറമേ പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ദൃശ്യങ്ങൾ കൃത്യമായി പഞ്ചായത്ത് കാര്യാലയത്തിൽ നിന്നുതന്നെ ദർശിക്കാനാവുന്നത് പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരത്തിന് സഹായകരമാകും.
ജനവാസ കേന്ദ്രങ്ങളല്ലാത്ത മേഖലകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികളെടുക്കാൻ കഴിയാത്ത സാഹചര്യം മുതലെടുത്ത് മാലിന്യ നിക്ഷേപം തകൃതിയായ സാഹചര്യത്തെ മറികടക്കാനും കുറ്റവാളികളെ പിടികൂടാനും സ്മാർട്ട് ഐ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.