തകരാർ പരിഹരിക്കൽ ഞങ്ങളുടെ 'പരിധി'ക്ക് പുറത്താണ്
text_fieldsപഴയങ്ങാടി: ബി.എസ്.എൻ.എൽ ചെറുകുന്ന് ഡിവിഷനു കീഴിലുള്ള 11 എക്സ്ചേഞ്ചുകളിലായി നൂറുകണക്കിനു ടെലിഫോണുകൾ പ്രവർത്തന രഹിതം. നിശ്ചലമായ ഫോണുകളുടെ തകരാർ പരിഹരിക്കാൻ പോംവഴികളില്ലെന്ന വിശദീകരണത്തിൽ നിസ്സഹായരായി അധികൃതർ കൈമലർത്തുമ്പോൾ ഇൻറർനെറ്റ് ഉൾെപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി മാസാമാസം തുകയടക്കുന്നവരും തുക മുൻകൂറായി അടച്ചവരും വെട്ടിലായി.
വിദ്യാർഥികളുടെ ഓൺലൈൻ പഠനം ലക്ഷ്യമിട്ട് നിരവധി രക്ഷിതാക്കൾ ഇൻറർനെറ്റിന് ബി.എസ്.എൻ.എൽ ബ്രോഡ്ബാൻഡ് വഴി കണക്ഷനെടുത്തിരുന്നു. ഇതോടെ ഓൺലൈൻ വഴിയുള്ള നിരവധി വിദ്യാർഥികളുടെ പഠനവും ദുരിതത്തിലായി. ഫോണുകൾ പലതും കേടായിട്ട് ആഴ്ചകളായിട്ടും കരാർ ജീവനക്കാരാണ് കുറ്റങ്ങൾ പരിഹരിക്കേണ്ടതെന്നും ഡിപ്പാർട്മെൻറ് അവർക്ക് പണം നൽകാത്തതിനാൽ കരാറെടുത്ത ഏജൻസികൾ ജോലികൾ നിർവഹിക്കുന്നില്ലെന്നും പറഞ്ഞ് കൈമലർത്തി ൈകയൊഴിയുകയാണ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ.
മാട്ടൂൽ എക്സ്ചേഞ്ചിലേക്ക് വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് കാലങ്ങളായി പരാതിയുണ്ട്. പരാതിയുമായി എക്സ്ചേഞ്ചിൽ നേരിട്ടെത്തിയാൽ ഓഫിസ് അടച്ചിട്ട നിലയിലാണെന്നും ജനങ്ങൾ പറയുന്നു. പഴയങ്ങാടി, മാട്ടൂൽ, ചെറുകുന്ന്, എടാട്ട്, പിലാത്തറ, കുഞ്ഞിമംഗലം, മാങ്ങാട്ടുപറമ്പ്, പരിയാരം, കൊട്ടില, പാപ്പിനിശ്ശേരി, ഇരിണാവ് എന്നിങ്ങനെയായി 11 ടെലിഫോൺ എക്സ്ചേഞ്ചുകളാണ് ചെറുകുന്ന് ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്നത്. ഇൗ എക്സ്ചേഞ്ചുകളിലായി 15600ലധികം വരിക്കാരുണ്ട്.
ബി.എസ്.എൻ.എല്ലിൽനിന്ന് വി.ആർ.എസ് വഴി ജീവനക്കാർ പിരിഞ്ഞുപോയതോടെയാണ് ലൈനിലെ തകരാറുകൾ തീർക്കാൻ ജീവനക്കാരില്ലാതായത്. തുടർന്ന് ബി.എസ്.എൻ.എൽ ചെറുകുന്ന് ഡിവിഷനിലെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ജോലികൾ വൈ.എം ട്രേഡ് ലിങ്ക് എന്ന സ്വകാര്യ സ്ഥാപനത്തെ ഏൽപിക്കുകയായിരുന്നു.
എന്നാൽ, സ്വകാര്യ സ്ഥാപനത്തിന് ബി.എസ്.എൻ.എൽ പണം നൽകാതെ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇവർ ജോലിയെടുക്കാതായതാണ് ബി.എസ്.എൻ.എല്ലിനെ പ്രതിസന്ധിയിലാക്കിയത്. പരാതികൾ പരിഹരിക്കാത്തതിനാൽ ബി.എസ്.എൻ.എല്ലിനെ കൈവിടുകയാണ് വലിയ വിഭാഗം ഉപഭോക്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.