270 ദിവസം പിന്നിട്ട സമരം സി.ഐ.ടി.യു നിർത്തുന്നു
text_fieldsപഴയങ്ങാടി: മാടായി ചൈനക്ലേ റോഡിൽ ഗണപതി മണ്ഡപത്തിന് സമീപത്തെ ശ്രീ പോർക്കലി സ്റ്റീൽസ് സ്ഥാപനത്തിന് മുന്നിൽ 268 ദിവസമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ട് തൊഴിലാളികൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്നു. മേഖലയിലെ ചുമട്ട് തൊഴിലാളികളെ കയറ്റിറക്കിന് ഉപയോഗപ്പെടുത്താതെ സ്ഥാപന ഉടമ മറ്റു തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് തുറന്ന ദിവസം മുതൽ സ്ഥാപനത്തിന് മുന്നിൽ സി.ഐ.ടി.യു സമരം ആരംഭിച്ചത്. ഉദ്ഘാടന ദിവസം മുതൽ തുടർന്ന സമരം 268 ദിവസമാണ് പിന്നിട്ടത്.
ഇതിനിടയിൽ സ്ഥാപനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഉടമ കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് നേടിയതിനാൽ സമരം തുടരുമ്പോഴും പൊലീസ് സംരക്ഷണത്തിൽ ശ്രീ പോർക്കലി സ്റ്റീൽസ് സ്ഥാപനം പ്രവർത്തിച്ച് വരുകയായിരുന്നു. തൊഴിൽ നിഷേധം ചോദ്യം ചെയ്ത് തൊഴിലാളികൾ നൽകിയ ഹരജിയെ തുടർന്ന് കേരള ഹൈകോടതി ജില്ല ലേബർ ഓഫിസറെ പ്രശ്നപരിഹാരത്തിനായി ചുമതലപ്പെടുത്തി.
പഴയങ്ങാടി-മാടായി ചുമട്ട് തൊഴിലാളികൾക്ക് അനുകൂലമായാണ് ജില്ല ലേബർ ഓഫിസർ തീരുമാനമെടുത്തത്. ഇതോടെ സ്ഥാപന ഉടമക്ക് മറ്റ് തൊഴിലാളികളെ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലാതായ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സി.ഐ.ടി.യു മാടായി ഏരിയ ചുമട്ട് തൊഴിലാളി യൂനിയൻ ഭാരവാഹികൾ അറിയിച്ചു. സമരത്തിൽ പങ്കെടുത്ത തൊഴിലാളികളെ ഹാരാർപ്പണവും അനുമോദനവും നടത്തി വെള്ളിയാഴ്ച സമരം അവസാനിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.