പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അപകടം തുടർക്കഥ
text_fieldsപിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ എരിപുരം സർക്കിൾ മേഖല
പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വാഹനാപകടവും മനുഷ്യന് ജീവഹാനിയും തുടരുമ്പോഴും അപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ല. 21 കി.മീറ്റർ ദൈർഘ്യമുള്ള പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം താലൂക്കാശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഭാനുമതി എന്ന 55കാരി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ജീവഹാനി.
2018 നവംബർ 18ന് ഉദ്ഘാനം ചെയ്ത പാതയിൽ ഇതുവരെയായി പൊലിഞ്ഞത് 98 മനുഷ്യജീവനാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുശേഷം മണ്ടൂരിൽ നടന്ന ബസപകടത്തിൽ പൊലിഞ്ഞത് അഞ്ചു പേരുടെ ജീവനാണ്. നൂറിലധികം പേർക്ക് ഈ പാതയിൽനിന്ന് നിരവധി അപകടങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരും കിടപ്പുരോഗികളായി തുടരുകയാണ്.
ലോറിയും ബസും കാറുമുൾപ്പെടെ എല്ലാ വാഹനങ്ങളും അപകടം വിതക്കുന്ന പാതയിൽ ഏറ്റവും കൂടുതൽ മനുഷ്യജീവൻ നഷ്ടമായത് ഇരുചക്ര വാഹനാപകടങ്ങളിലാണ്. പ്രഭാതനടത്തക്കാരും വഴിയാത്രക്കാരും അപകടത്തിൽപെടുന്നതും പതിവ്.
അമിത വേഗവും കൃത്യമായ ദിശാസൂചന ബോർഡുകളില്ലാത്തതും രാത്രിയിൽ റോഡിലെ വെളിച്ചക്കുറവും അപകടങ്ങളുടെ പ്രധാന കാരണമാണ്. അമിത വേഗം തടയാനായി സ്ഥാപിച്ച കാമറകൾ പ്രവർത്തനരഹിതമാണ്. പഴയങ്ങാടി മുതൽ എരിപുരം വരെ പാതയുടെ പകുതി ഭാഗവും കൈയേറി നടത്തുന്ന തെരുവുകച്ചവടം അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.