ചൂട്ടാടിലെ മുങ്ങിമരണം: ലൈഫ് ഗാർഡില്ലാത്തതിനെതിരെ പ്രതിഷേധം
text_fieldsrepresentational image
പഴയങ്ങാടി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ കടലിൽ കുളിക്കാനിറങ്ങിയ കർണാടക തീർഥാടക സംഘത്തിലെ മടിക്കേരി സ്വദേശി ശശാങ്കൻ ഗൗഡ തിരമാലയിൽ അകപ്പെട്ട് മുങ്ങി മരിച്ചതിനെ തുടർന്നു പാർക്ക് നടത്തിപ്പിനെതിരെ നാട്ടുകാരുടെ വൻ പ്രതിഷേധം.
ശനിയാഴ്ചയാണ് പാർക്ക് ബീച്ചിലെ കടലിൽ മടിക്കേരി സ്വദേശി മുങ്ങിമരിച്ചത്. ഈ പാർക്ക് ബീച്ചിലെ ആദ്യത്തെ അപകടമോ മരണമോ അല്ല ഇത്. ഡി.ടി.പി.സിക്ക് കീഴിലുള്ള ചൂട്ടാട് ബീച്ച് പാർക്കിൽ ഇതിനു മുമ്പും കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപെട്ടു ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.
ഈ കടലിലെ അടിയൊഴുക്ക്, തിരമാലകളുടെ ഉയർച്ച എന്നിവയെ കുറിച്ചൊന്നും കൃത്യമായ ധാരണയും അവബോധവുമില്ലാതെ കുളിക്കാനിറങ്ങുന്ന ഇതര പ്രദേശവാസികളാണ് അപകടത്തിൽപെട്ടു മരിക്കുന്നത്.
പാർക്കിൽ സന്ദർശനത്തിനെത്തുന്നവർ കടലിൽ കുളിക്കുന്നത് തടയുന്നതിനോ കുളിക്കാനിറങ്ങുന്നവർക്ക് വ്യക്തമായ നിർദേശങ്ങൾ നൽകാനോ ഇവിടെ സംവിധാനങ്ങളില്ല. ആവശ്യമായ ലൈഫ് ഗാർഡിനെ നിയമിക്കുന്നില്ല എന്നതും കാലങ്ങളായുള്ള പരാതിയാണ്.
ഏതെങ്കിലും അപകടം നടക്കുമ്പോഴാണ് ഇവിടെ ലൈഫ് ഗാർഡിന്റെ സേവനം ഏർപ്പെടുത്തുന്നത്. ഏതാനും നാളുകൾ കഴിയുന്നതോടെ ലൈഫ് ഗാർഡിനെ പിൻവലിക്കുന്നതാണ് പതിവ്. ശനിയാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് ലൈഫ് ഗാർഡിന്റെ അസാന്നിധ്യത്തിൽ പാർക്ക് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പാർക്ക് അടച്ചുപൂട്ടിയിരുന്നു.
എം.വിജിൻ എം.എൽ.എ ഉന്നതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഡി.ടി.പി.സി ഒരു ലൈഫ് ഗാർഡിനെ നിയമിക്കുകയായിരുന്നു. ഞായറാഴ്ച മുതൽ മൂന്നു പേരെ കൂടി നിയമിക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിനെ തുടർന്നാണ് പാർക്ക് തുറക്കാനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.