വൈദ്യുതി മുടങ്ങിയാൽ നിലക്കുന്ന ഇ-രജിസ്ട്രാർ ഓഫിസ്
text_fieldsപഴയങ്ങാടി: വൈദ്യുതി നിലച്ചാൽ ഭൂമിയുടെ രജിസ്ട്രേഷൻ നിലക്കും എരിപുരത്തുള്ള പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫിസിൽ. ഒരു വർഷത്തിലേറെയായി പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫിസിൽ ഇതാണ് അവസ്ഥ. അഞ്ചാം തിയതി മുതൽ കെ.എസ്.ഇ.ബിയുടെ സാങ്കേതിക പ്രശ്നത്തെ തുടർന്നുണ്ടായ വൈദ്യുത നിയന്ത്രണം കൂടിയായതോടെ രജിസ്ട്രേഷനെത്തുന്നവർ ദുരിതം പേറുകയാണ്.
മണിക്കൂറുകൾ രജിസ്ട്രാർ ഓഫിസിന് മുന്നിൽ ചെലവഴിക്കേണ്ടി വരുന്ന വൃദ്ധരും സ്ത്രീകളുമാണ് ഏറെ കഷ്ടത്തിലാവുന്നത്. വൈദ്യുതി നിലച്ചാൽ കമ്പ്യൂട്ടർ സിസ്റ്റം പ്രവർത്തിപ്പിക്കാനുള്ള യു.പി.എസോ മറ്റു സംവിധാനങ്ങളോ ഇവിടെയില്ലാത്തതാണ് പ്രശ്നം. ഒരു വർഷം മുമ്പേ കേടായ ബാറ്ററി മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. വൈദ്യുതി നിലച്ചാൽ അതേ സെക്കന്റിൽ സിസ്റ്റം ഓഫാകും.
ഇൻവെർട്ടറോ മറ്റ് സവിധാനങ്ങളോ ഇല്ലാത്തതിനാൽ വെളിച്ചവുമില്ലാതാവും. ഫാനുകൾ പ്രവർത്തനരഹിതമാവും. ചൂട് സഹിക്കാതെ ജീവനക്കാർക്ക് പുറത്തിറങ്ങേണ്ടി വരുന്നതാണ് അവസ്ഥ.
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമുൾപ്പെടെ പ്രതിമാസം ഏതാണ്ട് ഒന്നേമുക്കാൽ കോടി രൂപയിലേറെ സർക്കാറിനു വരുമാനമുണ്ടാക്കിക്കൊടുക്കുന്ന സബ് രജിസ്ട്രാർ ഓഫിസാണിത്. 1865 ൽ രജിസ്ട്രാർ ഓഫിസ് സംവിധാനം നിലവിൽ വന്ന ഒന്നര പതിറ്റാണ്ടിന് ശേഷം 1880 ൽ തന്നെ സ്ഥാപിതമായതാണ് ഓഫീസ്.
മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, ചെറുകുന്ന് പഞ്ചായത്തുകളിലെയും രാമന്തളി പഞ്ചായത്തിന്റെ പകുതി ഭാഗവും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് ആശ്രയിക്കേണ്ടി വരുന്നത് പഴയങ്ങാടി സബ് റജിസ്ട്രാർ ഓഫിസിനെയാണ്. 6000 മുതൽ 7000 വരെ രജിസ്ട്രേഷനുകളാണ് ഓരോ വർഷവും ഇവിടെ നടക്കുന്നത്.
ആറ് പഞ്ചായത്തുകളിലെ ആളുകൾ ആശ്രയിക്കുന്നതും ഒന്നര നൂറ്റാണ്ടിനടുത്ത് പഴക്കവും 21 കോടിയിലേറെ വാർഷിക വരുമാനവുമുള്ള രജിസ്ട്രാർ ഓഫിസിൽ കമ്പ്യൂട്ടർ സിസ്റ്റം പ്രവർത്തിപ്പിക്കാനാവശ്യമായ സംവിധാനമേർപ്പെടുത്താത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.