ഏഴോം കൈപ്പാട് കൃഷി വികസന പദ്ധതി; മണ്ണുമൂടിയ തോട് നവീകരിച്ചു
text_fieldsപഴയങ്ങാടി: കണ്ണൂർ ജില്ലയുടെ നെല്ലറയായ ഏഴോം പഞ്ചായത്തിലെ കൈപ്പാട് കാർഷിക പ്രതിസന്ധി ഒഴിവാക്കുന്നതിനായി മണ്ണുമൂടിയ തോട് നവീകരിച്ച് ഒഴുക്ക് സുഗമമാക്കി. കൈപ്പാട് തോട് നവീകരിച്ചതോടെ മേഖലയിലെ പായൽ ശല്യത്തിന് പരിഹാരമായി.
ജില്ല പഞ്ചായത്തും ഏഴോം ഗ്രാമപഞ്ചായത്തും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമാണിത്. കൈപ്പാട് കൃഷിയുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 68 ഏക്കർ കൈപ്പാട് കൃഷി വികസിപ്പിക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ പറഞ്ഞു.
വേലിയേറ്റത്തിൽ വെള്ളം കയറുന്നതോടെ പായൽ നിറയുന്നത് കൈപ്പാട് നെൽകൃഷിക്ക് പ്രതിബന്ധമാവുകയായിരുന്നു. തോട്, മണ്ണ് മൂടിയ നിലയിലായതിനാൽ തിരിച്ചൊഴുക്കില്ലാത്തതു കാരണം പായലുകൾ വയലുകളിൽ നിറയുന്നതാണ് കൃഷിയെ ബാധിച്ചത്.
ഇത് പരിഹരിക്കാനായി യന്ത്രസഹായത്തോടെ തോട് നവീകരിച്ച് ഒഴുക്ക് സുഗമമാക്കിയത് നെൽകൃഷിക്ക് സഹായകരമായി. മുൻകാലങ്ങളിൽ മണ്ണുമൂടുമ്പോൾ കർഷകർ മണ്ണ് നീക്കി ഒഴുക്കിന്റെ തടസ്സം നീക്കുകയായിരുന്നു പതിവ്. എന്നാൽ, പഴയകാല കർഷകർ പലരും കാർഷിക രംഗത്തുനിന്ന് മാറിയതോടെയാണ് തോടിൽ മണ്ണുമൂടി ഒഴുക്കിന് തടസ്സമായി പായൽ നിറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.