പ്രതിസന്ധിയുടെ ഓളങ്ങളിൽ പുതിയങ്ങാടിയിലെ മത്സ്യബന്ധനം
text_fieldsപഴയങ്ങാടി: ഉത്തരകേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ മത്സ്യബന്ധനം കടുത്ത പ്രതിസന്ധിയിൽ. കിലോമീറ്ററുകൾ താണ്ടി മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയാൽ കരക്കടുക്കാനാവാതെ ദുരിതത്തിലാണ് ബോട്ടുടമകളും ജീവനക്കാരും.
ഏതാണ്ട് 300ലധികം വള്ളങ്ങളും 1200ഓളം ജീവനക്കാരും നേരിട്ട് ഉപജീവനം തേടുന്ന മേഖലയാണിത്. ഇവയെ ആശ്രയിച്ച് കഴിയുന്ന തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളുമുണ്ട്.
പുതിയങ്ങാടിയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് കരക്കടുക്കാനായി സ്ഥാപിച്ച സൗകര്യം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. കാലോചിതമായി നവീകരിക്കാതെ നാമമാത്രമായ ഫിഷ് ലാൻഡിങ് സെൻററിൽ മത്സ്യലേലത്തിനാണ് ആകെ സൗകര്യമുള്ളത്. ബോട്ടുകൾക്ക് മൺസൂൺ കാലത്ത് കരക്കടുക്കുന്നതിന് ഇത് ഉപയുക്തമല്ലാത്തതിനാൽ ഇവ ചൂട്ടാടുള്ള ഫിഷ് ലാൻഡിങ് സെൻററിനെയാണ് ആശ്രയിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകളും വള്ളങ്ങളും ചൂട്ടാട് അഴിമുഖം കടന്നു വേണം ഫിഷ് ലാൻഡിങ് സെൻററിലെത്താൻ. വേലിയിറക്ക സമയത്ത് അഴിമുഖത്ത് രൂപപ്പെടുന്ന കൂറ്റൻ മണൽതിട്ടകളാണ് ബോട്ടുകൾക്ക് കരക്കടുക്കുന്നതിന് ഇവിടെ പ്രതിബന്ധമാകുന്നത്. ഇൗയിടെ അഞ്ച് ബോട്ടുകളാണ് മണൽതിട്ടയിൽ തട്ടി ചൂട്ടാട് കടലിലേക്ക് മറിഞ്ഞത്. അപകടത്തിൽ അഞ്ച് മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച സംഭവവും ഇവിടെയുണ്ടായിരുന്നു.
വേലിയിറക്കത്തിൽ മണൽതിട്ട രൂപപ്പെട്ടതിനെ തുടർന്ന് 29 ബോട്ടുകൾക്കാണ് ശനിയാഴ്ച മത്സ്യവുമായി മണിക്കൂറുകളോളം കടലിൽ നങ്കൂരമിടേണ്ടി വന്നത്.
ചൂട്ടാട് ഫിഷ് ലാൻഡിങ് സെൻററാവട്ടെ പരിമിതമായ സൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ഒരേസമയം മുന്നോ നാലോ ബോട്ടുകൾക്ക് മാത്രമാണ് ഇവിടെ കരക്കടുക്കാനാവുന്നത്.
ചൂട്ടാട് അഴിമുഖത്ത് പുലിമുട്ടു നിർമാണവും ഹാർബർ സൗകര്യത്തോടെയുള്ള ഫിഷ് ലാൻഡിങ് സെൻററുമാണ് മത്സ്യബന്ധന മേഖലയുടെ പ്രതിസന്ധിക്ക് പ്രധാന പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർക്കാർ സംരംഭമായി ആദ്യത്തെ ഐസ് പ്ലാൻറുണ്ടായിരുന്നത് പുതിയങ്ങാടിയിലാണ്. ഇവിടെ നിന്ന് സബ്സിഡിയോടുകൂടി ഐസ് നൽകിയിരുന്നു.
ആറ് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന സർക്കാർ ഐസ് പ്ലാൻറ് പ്രവർത്തനം നിർത്തിയിട്ട് വർഷങ്ങളായി. ഇവിടെ കെട്ടിടമടക്കം നാമാവശേഷമായി. സ്വകാര്യ മേഖലയിലെ നാല് ഐസ് പ്ലാൻറുകളിൽ നിന്ന് ലഭ്യമാവുന്ന ഐസ് പുതിയങ്ങാടി മത്സ്യബന്ധന മേഖലക്ക് മതിയാകില്ല. കൂടുതൽ മത്സ്യം ലഭ്യമാകുന്ന സമയങ്ങളിൽ പുതിയങ്ങാടിയിൽനിന്ന് മത്സ്യം കയറ്റിപ്പോകുന്ന ലോറികൾ മംഗളൂരുവിൽ നിന്നടക്കം ഐസ് ശേഖരിച്ചാണ് മടങ്ങുന്നത്. മേഖലയിൽ ആവശ്യമായ ഐസിെൻറ ദൗർലഭ്യവും പ്രതിസന്ധി ഇരട്ടിപ്പിക്കുകയാണ്.
പതിറ്റാണ്ടുകൾക്കുമുമ്പ് ഉണക്കുമത്സ്യ കയറ്റുമതി, ശ്രീലങ്കയിലേക്കുള്ള സ്രാവ് കയറ്റുമതി, വിദേശ രാജ്യങ്ങളിലേക്കുള്ള ചെമ്മീൻ കയറ്റുമതി എന്നിവയിൽ റെക്കോഡിട്ട പുതിയങ്ങാടി മത്സ്യബന്ധന മേഖല ഇപ്പോൾ പ്രതിസന്ധിയുടെ തിരയിൽ ഉഴലുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.