കാർഷിക ജോലികൾക്ക് ഭക്ഷ്യസുരക്ഷ സേന
text_fieldsപഴയങ്ങാടി(കണ്ണൂർ): കാർഷിക മേഖലയിൽ ജോലി ചെയ്യാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥക്ക് പരിഹാരവുമായി കണ്ണൂർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി. കൈപ്പാട് കൃഷിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സൊസൈറ്റി കൃഷി മേഖലയുടെ സംരക്ഷണം പൊതുലക്ഷ്യമായെടുത്താണ് ജോലിക്കായി ഭക്ഷ്യസുരക്ഷ സേനയെ നേരിട്ട് കാർഷിക പാടങ്ങളിലും പറമ്പുകളിലിമിറക്കുന്നത്.
ജില്ലയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കാർഷിക ജോലിക്കായി തയാറെടുക്കുകയാണ് ഭക്ഷ്യസുരക്ഷ സേന. കാർഷിക യന്ത്രങ്ങളുടെ സഹായത്തോടെ ഞാറ്റടികൾ തയാറാക്കാനും നെല്ല് കൊയ്തെടുക്കാനും മെതിക്കാനും പരിശീലനം നേടിയ ഇവരുടെ സേവനം കാർഷിക മേഖലക്ക് പുതിയ കരുത്താവും. ബിരുദധാരികളും ഡിപ്ലോമക്കാരുമായി 10 അംഗങ്ങളാണ് ഇപ്പോൾ സേനയിലുള്ളത്. തെങ്ങ് കയറ്റത്തിലും ഇവർ പരിശീലനം നേടിയിട്ടുണ്ട്.
വിവിധ കാർഷിക ജോലികൾക്ക് പുറമെ കാർഷിക പരിശീലനം, കൈപ്പാട് ഫാം സന്ദർശനം, കാർഷിക അനുബന്ധ സേവനങ്ങൾ എന്നിവയും ചെയ്തുകൊടുക്കും. കണ്ണൂർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ ചെറുകുന്ന് പഞ്ചായത്തിലെ താവം ആസ്ഥാനത്ത് കൈപ്പാട് ഉൽപന്നങ്ങൾ, പഴം, പച്ചക്കറി തൈകൾ എന്നിവയുടെ വിതരണവും നടത്തുന്നുണ്ട്. കാർഷിക ഗവേഷക ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.