വാടിക്കൽ കടവ് പാലം റോഡിന്റെ കൈവരി നിർമാണം പൂർത്തിയാവുന്നു
text_fieldsപഴയങ്ങാടി: സുൽത്താൻ തോട് വാടിക്കൽ കടവ് പാലത്തിന്റെ കൈവരി നിർമാണം അവസാന ഘട്ടത്തിൽ. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള പഴയങ്ങാടി വാടിക്കൽ കടവ് റോഡിൽ സുൽത്താൻ തോട് പാലത്തിന്റെ അനുബന്ധ റോഡിലെ കൈവരി നിർമാണവും റോഡിന്റെ മാട്ടൂൽ നോർത്ത് ഭാഗത്തെ രണ്ട് മേഖലകളിൽ കോൺക്രീറ്റ് ജോലികളടക്കമുള്ള അറ്റകുറ്റപണികളുമാണ് പത്ത് ദിവസത്തോളം ഭാഗികമായി അടച്ചിട്ട് ഭൂരിഭാഗവും പൂർത്തീകരിച്ചത്. അവസാന ഘട്ട ജോലികളാണ് പൂർത്തീകരിക്കാനുള്ളത്.
സുൽത്താൻ തോട് പാലത്തിന് കൈവരികൾ സ്ഥാപിക്കണമെന്നത് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഴയങ്ങാടിയിൽനിന്ന് വാടിക്കലിലേക്കും മാട്ടൂലിലേക്കും നാല് കി.മി ദൂരം കുറഞ്ഞ് യാത്ര ചെയ്യാവുന്ന ഈ പാതയിൽ പാലം റോഡിന് കൈവരിയില്ലാത്തത് അപകട ഭീഷണിയുയർത്തിയിരുന്നു.
വർഷങ്ങൾക്കു മുമ്പ് പാലത്തിന്റെ പരിസരത്ത് റോഡിൽ നിന്ന് 40 അടി താഴ്ചയിലേക്ക് പൊലീസ് വാഹനം മറിഞ്ഞു വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നിരുന്നു.
സുൽത്താൻ തോടിന് അശാസ്ത്രീയമായാണ് പാലം നിർമിക്കുന്നതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. രണ്ട് വാഹനങ്ങൾക്ക് പോകാവുന്ന സൗകര്യമില്ലാതെ നിർമിച്ച പാലം റോഡിൽ കൈവരികൾകൂടി സ്ഥാപിച്ചതോടെ പാലവും അനുബന്ധ പാതയും കൂടുതൽ ഇടുങ്ങിയിരിക്കുകയാണ്.
വാഹനങ്ങൾ ഞെരുങ്ങിയാണ് ഇതുവഴി കടന്നു പോവുന്നത്. പാലത്തിലും അനുബന്ധ റോഡിലും വാഹനം പോകുന്ന സമയത്ത് കാൽ നടക്കാർക്ക് വശം ചേർന്നു നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.