സി.ഐ.ടി.യു സമരം നടത്തുന്ന സ്ഥാപനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി
text_fieldsപഴയങ്ങാടി: കയറ്റിറക്കിന് സ്ഥാപന ഉടമ, സ്വന്തം തൊഴിലാളികളെ നിയമിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു സമരം നടത്തുന്ന മാടായി ശ്രീ പോർക്കലി സ്റ്റീൽസിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി വിധി നൽകിയതായി സ്ഥാപന ഉടമ ടി.വി. മോഹൻലാൽ പറഞ്ഞു. സ്ഥാപനത്തിന് മുന്നിലെ സമരം, കച്ചവടത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കടയുടമ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
ജനുവരി 23ന് ഉദ്ഘാടനം ചെയ്ത പിറ്റെ ദിവസം മുതൽ സി.ഐ.ടി.യുവിന്റെ കീഴിലുള്ള ചുമട്ടുതൊഴിലാളികൾ സ്ഥാപനത്തിനു മുന്നിൽ കൊടി കുത്തി സമരം ആരംഭിച്ചിരുന്നു. സ്ഥാപനത്തിനു സ്വന്തം തൊഴിലാളികൾ ഉള്ളതിനാൽ സി.ഐ.ടി.യുവിന്റെ തൊഴിലാളികളെ കയറ്റിറക്കിന് അനുവദിക്കില്ലെന്ന തീരുമാനത്തിൽ സ്ഥാപന ഉടമ ഉറച്ചുനിന്നതോടെ പ്രദേശത്തെ ചുമട്ടുതൊഴിലാളികളുടെ ജോലി മുടക്കാൻ അനുവദിക്കില്ലെന്ന ന്യായത്തിൽ സി.ഐ.ടി.യു സമരം തുടരുകയായിരുന്നു. ഇതിനിടെ സമരം കൂടുതൽ ശക്തമാക്കാൻ സി.ഐ.ടി.യു തീരുമാനിച്ചതിനാൽ കടയുടമ സ്ഥാപനം അടച്ചിട്ടു.
തുടർന്ന് സി.ഐ.ടി.യു സമരവും താൽക്കാലികമായി നിർത്തുകയായിരുന്നു. എന്നാൽ സമരം നിർത്തിയതോടെ ഉടമ വീണ്ടും സ്ഥാപനം തുറന്നു. സി.ഐ.ടി.യു വീണ്ടും സമരവും തുടങ്ങി. ഈ സാഹചര്യത്തിലാണ് കടയുടമ പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. കോടതി വിധിയുടെ ബലത്തിൽ പൊലീസ് സംരക്ഷണത്തിൽ സാധനം ഇറക്കി കച്ചവടം തുടരുമെന്ന് സ്ഥാപന ഉടമ പറഞ്ഞു.
എന്നാൽ, കോടതി വിധിയെ മാനിക്കുമെന്നും കടയുടെ മുന്നിലുള്ള സമരം അവസാനിപ്പിക്കാനാണ് കോടതി ഉത്തരവെങ്കിൽ, കടയുടെ പരിധിക്ക് പുറത്ത് സമരം തുടരുമെന്നും തൊഴിലാളികളുടെ അവകാശം നിഷേധിച്ചും ചുമട്ടുതൊഴിലാളികളെ പട്ടിണിക്കിട്ടും ഒരു കച്ചവടവും അനുവദിക്കില്ലെന്നും സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മാടായി ഏരിയ പ്രസിഡന്റ് ഐ.വി. ശിവരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.