കണ്ണൂർ താലൂക്കിൽ കാർഡുടമകൾക്ക് കുത്തരിയില്ല ; റേഷൻകടകളിൽ അരി കെട്ടിക്കിടക്കുന്നു
text_fieldsപഴയങ്ങാടി: റേഷൻകടകളിൽ കുത്തരി കെട്ടിക്കിടക്കുമ്പോഴും കണ്ണൂർ താലൂക്കിലെ റേഷൻ കാർഡുടമകൾക്ക് ഒക്ടോബറിൽ കുത്തരി വിതരണമില്ല. റേഷൻകടകൾക്ക് കുത്തരി വിതരണത്തിനു സിവിൽ സപ്ലൈസ് അനുമതി നൽകാത്തതിനാലാണ് കാർഡുടമകൾക്ക് റേഷൻകടകളിൽനിന്ന് കുത്തരി നിഷേധിക്കുന്നത്. പുഴുക്കലരിയും പച്ചരിയും മാത്രം വിതരണം ചെയ്യാനാണ് സിവിൽ സപ്ലൈസിന്റെ നിർദേശം. കുത്തരി നിഷേധിക്കപ്പെടുമ്പോഴും കണ്ണൂർ താലൂക്കിലെ റേഷൻകടകളിൽ ക്വിന്റൽ കണക്കിനു കുത്തരിയാണ് കെട്ടിക്കിടക്കുന്നത്. കടകളിൽ കുത്തരിയുണ്ടായിട്ടും കാർഡുടമകൾക്ക് നിഷേധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
സ്റ്റോക്കുണ്ടായിട്ടും റേഷൻവിഹിതം നിഷേധിക്കുന്നതിന് സിവിൽ സപ്ലൈസിന്റെ അനുമതിയില്ലെന്ന കടയുടമകളുടെ വിശദീകരണം കാർഡുടമകളും റേഷൻകടയുടമകളും തമ്മിൽ പ്രശ്നത്തിനു കാരണമാകുന്നു. 22 കിലോ പുഴുക്കലരിയും എട്ട് കിലോ പച്ചരിയും മഞ്ഞകാർഡിനും നീല കാർഡുടമകൾക്ക് ആളൊന്നിന് പുഴുക്കലരിയും പച്ചരിയും ഓരോ കിലോ വീതവും വെള്ളക്കാർഡൊന്നിന് മൂന്ന് കിലോ പുഴുക്കലരി, രണ്ട് കിലോ പച്ചരി, പിങ്ക് കാർഡിന് ഒരാൾക്കുള്ള നാല് കിലോ വിഹിതത്തിൽ മൂന്ന് കിലോ പുഴുക്കലരി, ഒരു കിലോ പച്ചരി എന്നിങ്ങനെ ഈ മാസം നൽകാനാണ് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ നിർദേശം.
ആഗസ്റ്റിൽ കണ്ണൂർ താലൂക്കിൽ കാർഡുടമകൾക്ക് കുത്തരി നൽകിയിരുന്നു. സെപ്റ്റംബറിൽ വെള്ളക്കാർഡ് ഒഴികെയുള്ള കാർഡുടമകൾക്ക് കുത്തരി വിതരണമുണ്ടായിരുന്നു. ഈമാസത്തെ വിതരണത്തിനുള്ള കുത്തരി കൂടി കഴിഞ്ഞമാസത്തെ വിഹിതത്തോടൊപ്പം റേഷൻ കടകൾക്ക് നൽകിയിരുന്നെങ്കിലും ഈ മാസം വിതരണാനുമതി നിഷേധിച്ചതോടെയാണ് കണ്ണൂർ താലൂക്കിലെ 190 ഓളം റേഷൻ കടകളിൽ കുത്തരി കെട്ടിക്കിടക്കുന്നത്. കുത്തരി വിതരണത്തിന് അനുമതി നൽകാതിരുന്നാൽ കെട്ടിക്കിടക്കുന്ന കുത്തരി ഉപയോഗശൂന്യമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപയോഗ കാലാവധി രണ്ടുമാസമായാണ് കുത്തരിക്ക് നിജപ്പെടുത്തിയിട്ടുളളത്.
കാർഡുടമകൾക്ക് ഏതു റേഷൻകടയിൽനിന്നും റേഷൻ വാങ്ങാൻ അവകാശമുള്ള സാഹചര്യത്തിൽ ജില്ലയിലെതന്നെ മറ്റു താലൂക്കുകളിലുള്ളവർ കണ്ണൂർ താലൂക്കിലെ റേഷൻ കടകളെ ആശ്രയിക്കുമ്പോൾ അർഹതപ്പെട്ട ഉൽപന്നങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയും കണ്ണൂർ താലൂക്കിലെ റേഷൻ കടയുടമകൾക്ക് പ്രശ്നമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.