ഇടതിന്റെ കല്യാശ്ശേരി കരുത്ത്
text_fieldsപഴയങ്ങാടി: തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കമ്യൂണിസ്റ്റ് മേൽക്കോയ്മ അടയാളപ്പെടുത്തിയ പഴയ മാടായി മണ്ഡലത്തിന്റെയും പയ്യന്നൂർ മണ്ഡലത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെട്ടതാണ് കല്യാശ്ശേരി നിയോജക മണ്ഡലം. മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, കടന്നപ്പള്ളി പാണപ്പുഴ, പട്ടുവം, കുഞ്ഞിമംഗലം എന്നീ പത്ത് പഞ്ചായത്തുകളിൽ എട്ടിടത്തും ഇടത് ഭരണസമിതികളാണ്. മാടായി, മാട്ടൂൽ പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്ന ത്.
യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കല്യാശ്ശേരിയിൽ ഇടതിനു തന്നെയാണ് ഭൂരിപക്ഷം. 13694 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്രൻ തലയുയർത്തിനിന്നു. യു.ഡി.എഫ്. സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ 59,848 വോട്ടും സതീഷ് ചന്ദ്രൻ 73,542 വോട്ടുമാണ് നേടിയത്. ബി.ജെ.പി സ്ഥാനാർഥിക്ക് 9854 വോട്ടും ലഭിച്ചു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രഭൂരിപക്ഷവുമായാണ് സി.പി.എമ്മിലെ എം.വിജിൻ നിയമസഭയിലെത്തിയത്-44,393ന്റെ ഭൂരിപക്ഷം. 88,252 വോട്ട് എം.വിജിൻ സ്വന്തമാക്കിയപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ബ്രിജേഷ് കുമാറിന് ലഭിച്ചത് 43859 വോട്ട്. ബി.ജെ.പി 11365 വോട്ടും നേടി.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് ഇടതു പക്ഷം ഈ ലോക്സഭ തെരഞ്ഞെടുപ്പ് ഗോദയിലും നിറഞ്ഞുനിൽക്കുന്നത്. എന്നാൽ, നിയമസഭയിൽ ചരിത്ര ഭൂരിപക്ഷമുണ്ടെങ്കിലും ലോക്സഭയിൽ അത്രയൊന്നും ഇടതിന് ലഭിക്കില്ലെന്ന വിശ്വാസമാണ് യു.ഡി.ഫിനെ നയിക്കുന്നത്.
ഇതിനു തെളിവായി മുൻകാല കണക്കുകളും യു.ഡി.എഫ് ഉയർത്തിക്കാണിക്കുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കല്യാശ്ശേരി മണ്ഡലത്തിലെ ഇടതിന്റെ ഭൂരിപക്ഷം 43000ഓളമായിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നായി ചുരുങ്ങി. ഇതൊക്കെയാണ് യു.ഡി.എഫിന്റെയും ഉണ്ണിത്താന്റെയും ഉള്ളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.