കല്യാശ്ശേരി മണ്ഡലം ഔഷധഗ്രാമം നടീൽ ഉദ്ഘാടനം
text_fieldsപഴയങ്ങാടി: എരിപുരം തടത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം നടീൽ ഉദ്ഘാടനം എം. വിജിൻ എം. എൽ.എ ഉൽഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു.
നാല് ഏക്കർ സ്ഥലത്ത് കുറുന്തോട്ടി ചെടി നട്ട് ഉത്സവാന്തരീക്ഷത്തിൽ കർഷകരുടെയും തൊഴിലുറപ്പ് തൊഴിലാളികളും സാന്നിധ്യത്തിലായിരുന്നു നടീൽ നിർവഹിച്ചത്. കഴിഞ്ഞ 26ന് പിലാത്തറ ഹോപ്പിന് സമീപം വിത്തിട്ട് രണ്ടര ഏക്കറിൽ തയാറാക്കിയ ചെടികളാണ് കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ 7.5 ഏക്കർ വീതവും ഉൾപ്പെടെ ആദ്യഘട്ടത്തിൽ 25 ഏക്കറിൽ ഔഷധസസ്യ കൃഷി ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ ഉൾപ്പടെ 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 16.75 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. അതോടൊപ്പം പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപുകൾ രൂപവത്കരിക്കും. നിരവധി പേർക്ക് തൊഴിൽ സാധ്യത ലഭിക്കുന്നതോടൊപ്പം കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപവത്കരിക്കും.
കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാന്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി, എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ. സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗം ഒ.വി. നാരായണൻ, ഔഷധി ബോർഡ് അംഗം കെ. പത്മനാഭൻ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, കണ്ണപുരം വൈസ് പ്രസിഡന്റ് ഗണേഷൻ, തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് അംഗം സി.പി. ഷിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി. സുഷ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി. വിമല, മെംബർ ജസീർ അഹമ്മദ്, കെ.വി. ബാലൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ നിഷ ജോസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.