ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടി; യുവാവിനെതിരെ കേസ്
text_fieldsപഴയങ്ങാടി: ഫെഡറൽ ബാങ്കിന്റെ പഴയങ്ങാടി ശാഖയിൽനിന്ന് സ്വർണം പൂശിയ മുക്കുപണ്ടം പണയം വെച്ച് 13.82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെ (37)തിരെയാണ് ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിൽ കേസെടുത്തത്. 2022 ഒക്ടോബർ മുതൽ വിവിധ തീയതികളിലായാണ് മാല, വള തുടങ്ങിയ സ്വർണം പൂശിയ 330.06 ഗ്രാം മുക്കുപണ്ട ആഭരണങ്ങൾ സ്വർണമാണെന്ന വ്യാജേന പണയപ്പെടുത്തി ഫെഡറൽ ബാങ്കിൽനിന്ന് യുവാവ് പണം തട്ടിയത്.
ആദ്യ പണയത്തിന്റെ കടം കാലാവധി ഏപ്രിലിൽ അവസാനിച്ചതോടെ ബാങ്ക് നോട്ടിസ് നൽകിയെങ്കിലും പണ്ടം തിരിച്ചെടുക്കാതെ യുവാവ് മുങ്ങുകയായിരുന്നു. ലേല നടപടികൾക്ക് മുന്നോടിയായി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇയാൾ ബാങ്കിൽ പണയപ്പെടുത്തിയത് മുഴുവനും മുക്കുപണ്ടങ്ങളാണെന്ന് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, പഴയങ്ങാടി സി.ഐ ടി.എൻ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഹമ്മദ് റിഫാസിനെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് പൊലീസ്. റിയൽ എസ്റ്റേറ്റ്, വാഹന ഇടപാട് എന്നിവയിലൂടെ നിരവധി സാമ്പത്തിക തട്ടിപ്പുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.