മാടായി പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കും; തൽക്കാലം വാടകക്കെട്ടിടത്തിൽ
text_fieldsപഴയങ്ങാടി: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടിയിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ പുരോഗമിക്കുന്നതിനിടെ മാടായി പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് തയാറെടുക്കുന്നു. പാലത്തിന്റെ താവം ഭാഗത്തെ പൈലിങ് ജോലികളാണ് പുരോഗമിക്കുന്നത്.
പഴയങ്ങാടി ഭാഗത്തെ ജോലികൾ ആരംഭിക്കുന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് നിലകൊളളുന്ന മാടായി പഞ്ചായത്ത് ഓഫിസിന്റെ സ്വന്തം കെട്ടിടം പൊളിച്ചു മാറ്റും. പഴയങ്ങാടി ഭാഗത്തെ പ്രവൃത്തിയുടെ മുന്നോടിയായി മരങ്ങൾ മുറിച്ച് മാറ്റിത്തുടങ്ങി. ആവശ്യമാകുന്ന അവസരത്തിൽ പൊളിച്ചു മാറ്റാനടക്കം സന്നദ്ധമാണെന്ന ഉപാധിയോടെയായിരുന്നു പൊതു മരാമത്തു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് മാടായി പഞ്ചായത്ത് ഓഫീസിന് സ്വന്തമായി കെട്ടിടം പണിതിരുന്നത്.
പുതിയ പാലം നിർമാണ ജോലികൾ ആരംഭിക്കുന്നതിനാൽ പഞ്ചായത്ത് ഓഫിസ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്ക് മുമ്പെ മാടായി പഞ്ചായത്തിന് നോട്ടീസ് നൽകിയിരുന്നു. ഒരു മാസത്തിനകം പഞ്ചായത്ത് ഓഫിസ് ഒഴിഞ്ഞു കൊടുക്കാനുള്ള നീക്കത്തിലാണ് മാടായി പഞ്ചായത്ത്. പൊളിച്ചു മാറ്റുന്ന പഞ്ചായത്ത് ഓഫിസിനായി 1.4 കോടി മാടായി പഞ്ചായത്തിന് നഷ്ടപരിഹാരമായി ലഭ്യമാകും.
മാടായി പഞ്ചായത്ത് ഓഫിസ് പൊതുമരാമത്തു വകുപ്പിന് വിട്ട് കൊടുക്കുന്നതോടെ മാടായി ചൈനാക്ലേ കമ്പനിക്കടുത്തുള്ള എം.ഇ.സി.എ സ്കൂളിന്റെ കെട്ടിടത്തിൽ പൊതുമരാമത്ത് വകുപ്പ് നിർണയിക്കുന്ന വാടക അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് പദ്ധതി. വാടക നിർണയത്തിനായി പൊതുമരാമത്തു വകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് പഞ്ചായത്ത് .
സംസ്ഥാനത്ത് പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതു മുതൽ 1998ൽ സ്വന്തമായി കെട്ടിടം സ്ഥാപിക്കുന്നത് വരെ മാടായി പഞ്ചായത്ത് വാടകക്കെടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ദശകങ്ങളോളം പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിലെ കെട്ടിടത്തിലും തുടർന്ന് ബീബി റോഡിലും ഒടുവിൽ പഴയങ്ങാടി കടവിലും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച കെട്ടിടത്തിന് 1998ലാണ് പഴയങ്ങാടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് സ്വന്തമായി കെട്ടിടം ഉയർന്നത്.
സ്വന്തം കെട്ടിടം നഷ്ടമായതോടെ മാടായിപ്പാറയിൽ 51 സെന്റ് സ്ഥലത്ത് അഞ്ചുകോടി രൂപ ചെലവഴിച്ച് അത്യന്താധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം പണിയാനുള്ള തയാറെടുപ്പിലാണ് മാടായി പഞ്ചായത്ത്. ഇതിന്റെ പ്ലാൻ, എസ്റ്റിമേറ്റ്, അനുബന്ധ ജോലികൾ എന്നിവ പൂർത്തീകരിക്കാൻ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കൺസൾട്ടൻസിയെ ഏൽപിച്ചതായും, പുതിയ കെട്ടിടത്തിന് അടുത്ത മാസം തറക്കല്ലിടാനുള്ള ശ്രമത്തിലാണെന്നും മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.