മലബാർ റിവർ ക്രൂയിസ് ടൂറിസം; മുടങ്ങിയ പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു
text_fieldsപഴയങ്ങാടി: ടൂറിസത്തിന്റെ അനന്തസാധ്യതകൾ ലക്ഷ്യമിട്ട മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമാണം തടസ്സപ്പെട്ട മേഖലകളിൽ ജോലികൾ പുനരാരംഭിച്ചു. പഴയങ്ങാടി പുഴയിൽ ബോട്ട് റേസ് ഗാലറി, ഫ്ലോട്ടിങ് റസ്റ്റാറന്റ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് പുനരാരംഭിച്ചത്.
നിർമാണത്തിന്റെ പ്രഥമഘട്ടത്തിൽ തന്നെ പദ്ധതി വിവാദത്തിലായിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് പുഴയിൽ മണലിറക്കിയതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണുയർന്നിരുന്നത്. പരിസ്ഥിതി പ്രവർത്തകരും യൂത്തു കോൺഗ്രസും പ്രതിഷേധത്തിന്റെ മുൻ നിരയിലുണ്ടായിരുന്നു.
പ്രതിഷേധം ശക്തമായതോടെ തളിപ്പറമ്പ് ആർ.ഡി.ഒ സ്ഥലം സന്ദർശിക്കുകയും 20 ദിവസം കൊണ്ട് തൂണുകളുടെ പ്രവൃത്തി പൂർത്തിയാക്കി പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. മണൽ നീക്കി ജോലി പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെ പരിസ്ഥിതി പ്രവർത്തനായ കെ.പി. ചന്ദ്രാംഗദന്റെ ഹരജിയിൽ സി.ആർ.ഇസെഡ് മാനദണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി പ്രവർത്തനങ്ങൾക്ക് സ്റ്റേ നൽകിയതോടെ ജോലി മുടങ്ങുകയായിരുന്നു.
തുടർന്ന് സി.ആർ.ഇസെഡ് സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്. പഴയങ്ങാടി മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്താണ് പദ്ധതി.
ബോട്ട് റേസ് ഗാലറിക്ക് 2.87 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. വള്ളംകളി വീക്ഷിക്കാനുതകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. 65 മീറ്റർ ദൈർഘ്യവും രണ്ട് മീറ്റർ വീതിയിലും പണിയുന്ന ഗാലറിയിൽ 500 പേർക്ക് ജലോത്സവം കാണാനും പുഴയുടെ ഭംഗി ആസ്വദിക്കാനും സാധിക്കും. 1.88 കോടിയുടെ ഭരണാനുമതിയിലാണ് ഫ്ലോട്ടിങ് റസ്റ്റാറന്റ് പണിയുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതകൾ തുറക്കുകയാണ്. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെൽ ആണ് നിർവഹണ ഏജൻസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.