സ്വകാര്യ ബാങ്ക് സി.ഡി.എമ്മിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപഴയങ്ങാടി: ആക്സിസ് ബാങ്കിെൻറ പഴയങ്ങാടി എരിപുരം ബ്രാഞ്ച് സി.ഡി.എമ്മിൽ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്ന് മുട്ടിലിലെ വി.വി. അബ്ദുൽ സലാം (45), വളപട്ടണം സുചിത്ര അപ്പാർട്മെൻറിലെ കെ.കെ. ഖമറുദ്ദീൻ (42) എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ഏഴംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. പഴയങ്ങാടി സി.ഐ എം. രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കർണാടകയിലെ കുശാൽ നഗറിൽ വെച്ച് പ്രതികളെ പിടികൂടിയത്.
ജൂലൈ 25നാണ് സി.ഡി.എമ്മിൽ 500 രൂപയുടെ 43 കള്ളനോട്ടുകൾ ഉപയോഗിച്ച് കുശാൽ നഗറിലുള്ള മിസ്രിയ എന്ന വനിതയുടെ അക്കൗണ്ടിൽ 21500 രൂപ നിക്ഷേപിച്ചത്. ആഗസ്റ്റ് 11നാണ് സി.ഡി.എമ്മിെൻറ കാഷ് ചെസ്റ്റിൽ ബാങ്കധികൃതർ കള്ളനോട്ട് കണ്ടെത്തിയത്.
പണം നിക്ഷേപിച്ചയാളുടെ സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രമുപയോഗിച്ചാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കുശാൽ നഗറിലെ അക്കൗണ്ട് ഉടമയായ വനിതയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഖമറുദ്ദീൻ നൽകിയ വ്യാജ കറൻസികളാണ് അബ്ദുൽ സലാം സി.ഡി.എമ്മിൽ നിക്ഷേപിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുശാൽ നഗറിലെ സ്ത്രീയുടെ പേരിൽ കാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായാണ് നോട്ട് നിക്ഷേപിച്ചതെന്നാണ് ലഭ്യമായ പ്രാഥമിക വിവരം. സംഭവത്തിൽ കർണാടകയിലെ വൻ കള്ളനോട്ട് സംഘങ്ങൾക്ക് ബന്ധമുള്ളതായി സംശയമുയർന്ന സാഹചര്യത്തിൽ ഈ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.