പാലം നിർമാണ മറവിൽ കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും
text_fieldsപഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി പാലത്തിനടുത്തായി പുതിയ പാലം നിർമാണത്തിന്റെ മറവിൽ താവം ഭാഗത്ത് കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും തകൃതി.
തീരദേശ പരിപാലന നിയമത്തിന്റെ സോൺ ഒന്നിൽ പെട്ട, നിർമാണ പ്രവർത്തനത്തിന് അനുമതിയില്ലാത്ത മേഖലയിലാണ് സ്വകാര്യ വ്യക്തി തണ്ണീർത്തടം നികത്തി നിർമാണ പ്രവർത്തനം നടത്തുന്നത്. കണ്ടൽ നശിപ്പിച്ച് മണ്ണിട്ട് നികത്തുന്ന മേഖല കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതി പഠന സംഘം സന്ദർശിച്ചു.
മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നികത്തി നിർമാണ പ്രവർത്തനം തുടരുന്നതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പഠനസംഘം ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടറിയോട് നേരിട്ട് ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാലം നിർമാണത്തിനാവശ്യമായ കോൺക്രീറ്റ് മിക്സിങ് കേന്ദ്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഈ അനധികൃത നിർമാണം എന്നാണ് വിവരം.
പുഴ മലിനീകരണത്തിനും ജൈവ വൈവിധ്യ നാശത്തിനും ഇത് ഇടവരുത്തും. കോൺക്രീറ്റ് മിക്സിങ് മൊബൈൽ യൂനിറ്റുകൾ വഴി തയാറാക്കി പമ്പ് ചെയ്യാൻ സൗകര്യമുണ്ടെന്നിരിക്കെ പാലം പണിയുടെ മറവിൽ വൻതോതിൽ സ്ഥലം നികത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ വ്യക്തി നടത്തുന്ന കണ്ടൽ നശീകരണവും തണ്ണീർത്തടം നികത്തലും അനധികൃത നിർമാണത്തിനുമെതിരെ നിയമ നടപടികളിലേക്കു നീങ്ങേണ്ടി വന്നാൽ പാലം നിർമാണത്തിനു തടസ്സം നേരിടും. ഇത്തരം സാഹചര്യം അധികൃതർ സൃഷ്ടിക്കുന്നത് ജനങ്ങളുടെ സുരക്ഷിത യാത്രാവകാശത്തിന്റെ ലംഘനമാകുമെന്നും പഠന സംഘം വിലയിരുത്തി.സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ, ജില്ല പരിസ്ഥിതി ഏകോപന സമിതി ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, കൺവീനർ ഡോ.കെ.ഇ. കരുണാകരൻ, കെ.പി. ചന്ദ്രാംഗദൻ, എം.കെ. ലക്ഷ്മണൻ, കെ.എം. വിജയകുമാർ, സതീശൻ കുഞ്ഞിമംഗലം, വി.വി. സുരേഷ്, രാജൻ, പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.