പുതിയങ്ങാടിയിൽ കല്ലുമ്മക്കായ–കടൽമത്സ്യ വിത്തുൽപാദന കേന്ദ്രം നിർമാണം തുടങ്ങി
text_fieldsപഴയങ്ങാടി: ഉത്തര മലബാറിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ സംസ്ഥാനത്തെ പ്രഥമ കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുൽപാദന കേന്ദ്രത്തിെൻറ നിർമാണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ച പദ്ധതിയിൽ പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഉൽപാദിപ്പിക്കുക. വിത്തുൽപാദനത്തിനും വളർത്തുന്നതിനും 1208.6 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹാച്ചറി കെട്ടിടം, 133 മീറ്റർ നീളത്തിൽ ഡ്രെയിനേജ് സംവിധാനം, 30 ടൺ ശേഷിയുള്ള എഫ്.ആർ.പി ടാങ്ക്, മത്സ്യവിത്തുൽപാദന കേന്ദ്രം, ബ്ലോവറുകൾ, ഓസണേറ്റർ, റാപിഡ് സാൻഡ് ഫിൽറ്ററുകൾ, ആധുനിക പ്ലംബിങ് സംവിധാനം എന്നിവ ഒരുക്കും. സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ കേരള തീരദേശ വികസന കോർപറേഷൻ വഴി നിർവഹിക്കും.
കേരളത്തിൽ മത്സ്യബന്ധനം വഴിയുള്ള മത്സ്യലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മത്സ്യോൽപാദന വർധനക്കായി ജലകൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി ഫിഷറീസ് വകുപ്പിെൻറയും ബന്ധപ്പെട്ട ഏജൻസികളുടെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കി വരുകയാണ്. മത്സ്യകൃഷിയിൽ നേരിടുന്ന പ്രധാന തടസ്സങ്ങളിൽ ഗുണമേന്മയുള്ള മത്സ്യവിത്ത് കർഷകർക്ക് ആവശ്യാനുസരണം ലഭിക്കാത്തതാണ്. മത്സ്യവിത്തിെൻറ ഏറിയ പങ്കും ഇതരസംസ്ഥാനങ്ങളിൽനിന്നോ ജലാശയങ്ങളിൽനിന്ന് നേരിട്ടോ ആണ് കർഷകർക്ക് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള മത്സ്യവിത്തിെൻറ ലഭ്യത കർഷകർക്ക് ഉറപ്പു വരുത്തുന്നതിെൻറ ഭാഗമായി കല്ലുമ്മക്കായ വിത്തിനും വിവിധ കടൽ മത്സ്യങ്ങളുടെ വിത്തുൽപാദനത്തിനും ഗുണമേന്മയുള്ള മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് പുതിയങ്ങാടി കേന്ദ്രീകരിച്ച് കല്ലുമ്മക്കായ കടൽ മത്സ്യ വിത്തുൽപാദന കേന്ദ്രം സ്ഥാപിക്കുന്നത്.
പുതിയങ്ങാടിയിൽ ഫിഷ് ലാൻഡിങ് സെൻറർ ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
നിർമാണോദ്ഘാടനത്തിനു ശേഷം ടി.വി. രാജേഷ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഫിഷറീസ് അഡീഷനൽ ഡയറക്ടർ ആർ. സന്ധ്യ, എം.എ. മുഹമ്മദ് അൻസാരി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി, സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഗോപാലകൃഷ്ണൻ, സി.എച്ച്. സൗദ, സി.കെ. ഷൈനി എന്നിവർ സംസാരിച്ചു. ഡോ. ദിനേശൻ ചെറുവാട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.