നവകേരള സദസ്സ്: സംഘർഷസാധ്യത; മാടായി കോളജിൽ പൊലീസ് നിരീക്ഷണം
text_fieldsപഴയങ്ങാടി: നവകേരള സദസ്സിനിടെ തിങ്കളാഴ്ച എരിപുരത്തുണ്ടായ ആക്രമണത്തിന്റെ തുടർച്ചയായി മാടായി കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷയൊരുക്കി. ചൊവ്വാഴ്ച വൈകീട്ട് പൂർവ വിദ്യാർഥികളായ ഏതാനും പേർ കോളജ് കാമ്പസിലെത്തിയിരുന്നു. തുടർന്ന് വിദ്യാർഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടാവുമെന്ന ഭീതി പടരുകയായിരുന്നു.
സംഭവമറിഞ്ഞതോടെയാണ് പൊലീസ് വാഹനങ്ങൾ കോളജ് കാമ്പസിലെത്തിയത്. യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവത്തിൽ കേസിലകപ്പെട്ട പ്രതിയെന്ന് സംശയമുയർന്നതിനെ തുടർന്ന് ഒരാളെ കോളജ് പരിസരത്ത് നിന്ന് പിടികൂടി പൊലീസ് ചോദ്യം ചെയ്തു.
ഇരിട്ടിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
ഇരിട്ടി: നവകേരള സദസ്സിന്റെ ഭാഗമായി ഇരിട്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചക്ക് ഒന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇരിട്ടി പൊലീസ് അറിയിച്ചു. കൂട്ടുപുഴ ഭാഗത്തുനിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനപ്പന്തി വഴി മലയോര ഹൈവേ വഴിയും കൂട്ടുപുഴ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടത്തിൽ-കോളിക്കടവ് ജബ്ബാർ കടവ് പാലം വഴിയും പോകേണ്ടതാണ്.
ഉളിക്കൽ ഭാഗത്തു നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരിക്കൂർ വഴിയും ഉളിക്കൽ ഭാഗത്തുനിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടത്തിൽ എടൂർ ആറളം മലയോര ഹൈവേ വഴിയും പോകേണ്ടതാണ്.
മട്ടന്നൂർ ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പയഞ്ചേരിമുക്ക് ജബ്ബാർ കടവ് വഴിയോ ഉളിയിൽ തില്ലങ്കേരി വഴിയോ പോകേണ്ടതാണ്. പേരാവൂർ ഭാഗത്തു നിന്നും ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഹാജി റോഡ് വഴി ആറളം - എടൂർ-മാടത്തിൽ വഴി പോകേണ്ടതാണ്.
കൂട്ടുപുഴ,കുന്നോത്ത് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിനു സമീപം ആളുകളെ ഇറക്കിയ ശേഷം തന്തോട്, പെരുമ്പറമ്പ് റോഡരികിലും ഉളിക്കൽ, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിനു സമീപം ആളുകളെ ഇറക്കിയ ശേഷം കല്ലുമുട്ടി ഭാഗത്ത് റോഡരികിലും പാർക്കു ചെയ്യേണ്ടതാണ്.
പേരാവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ആളുകളെ ഇറക്കിയ ശേഷം കൂളിചെമ്പ്ര, കീഴൂർക്കുന്ന്, പുന്നാട് ഗ്രൗണ്ട് ഭാഗങ്ങളിലും റോഡരികിൽ പാർക്കു ചെയ്യേണ്ടതാണ്. ചാവശ്ശേരി, മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പയഞ്ചേരിമുക്ക് സൂര്യ സിൽക്സിനു സമീപം ആളുകളെയിറക്കിയശേഷം ജബ്ബാർ കടവ് പാലം കടന്ന് വട്ട്യറ ഭാഗത്തേക്ക് റോഡരികിൽ പാർക്കു ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.