സഹനസമര ഭരിതം ഒ.വിയുടെ ജീവിതം
text_fieldsപഴയങ്ങാടി: 19ാം വയസ്സിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം, കാർഷിക പച്ചപ്പും കമ്യൂണിസ്റ്റു ചുവപ്പും നിറം ചാർത്തിയ ഏഴോം ഗ്രാമത്തിലെ കർഷകരുടെ അവകാശസമരങ്ങളുടെ മുൻ നിര പോരാളി, ഒന്നരപ്പതിറ്റാണ്ടിലേറെ കാലം കർഷക സംഘത്തിന്റെ ജില്ല പ്രസിഡന്റായി സേവനം, കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്യിറാ മികവാർന്ന പ്രവർത്തനത്തിലൂടെ ജില്ല പഞ്ചായത്തിനെ സ്വരാജ് ട്രോഫിക്ക് അർഹമാക്കിയത്..
അങ്ങനെ നിരവധി വിശേഷങ്ങൾക്കുടമയാണ് ബുധനാഴ്ച രാത്രി വിടവാങ്ങിയ തലമുതിർന്ന സി.പി.എം നേതാവായ ഒ.വി. നാരായണൻ.
എട്ടര പതിറ്റാണ്ടിന്റെ ജീവിതത്തിൽ ആറര പതിറ്റാണ്ടു കാലവും സി.പി.എമ്മിന്റെ കർമ മേഖലയിൽ സജീവമായ ഒ.വിയുടെ ജീവിതം സഹനസമര ഭരിതമാണ്.
28ന് മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലാകുന്നതുവരെ കർമരംഗത്ത് സജീവമായിരുന്ന ഒ.വി. നാരായണൻ, കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിലും സജീവമായിരുന്നു.
സി പി എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി മാടായി ഏരിയ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ല പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്ലേ ആൻഡ് സിറാമിക്സ് ചെയർമാൻ, കണ്ണൂർ സ്പിന്നിങ് മിൽ ചെയർമാൻ, കെൽട്രോൺ ഡയറക്ടർ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എന്നി നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
1939 ജൂൺ അഞ്ചിന് ജനിച്ച ഒ.വി. നാരായണൻ മാടായി ഹയർ എലിമെന്റിറ സ്കൂളിൽനിന്ന് എസ്.എൽ.സി പാസായി. കടുത്ത ദാരിദ്ര്യത്തിൽ തുടർപഠനം അസാധ്യമായതിനെ തുടർന്ന് ഊട്ടിയിൽ ചായക്കടയിൽ തൊഴിലാളിയായി.
അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന താറാവ് കൂട്ടങ്ങളെ വയലുകളിൽ ഇറക്കുന്നതിന് ജന്മികൾ തറാവ് കർഷകരിൽനിന്ന് ചുങ്കം വാങ്ങുമെങ്കിലും വയലുകളുടെ യഥാർഥ ഉടമകളായ കർഷകർക്ക് നൽകിയിരുന്നില്ല. ഇത് കർഷകർക്ക് നൽകണമെന്ന ആവശ്യം ഉന്നയിച്ച് വൻപ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ മുൻനിരയിലെ സഖാവായിരുന്നു ഒ.വി. നാരായണൻ.
ചെമ്മീൻ കൃഷി നടത്തി ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന ഏഴോം പാടശേഖരങ്ങൾ കർഷകർക്ക് തിരികെ ലഭിച്ച സമര ചരിത്രത്തിന്റെ മുന്നിലും ഒ.വിയായിരുന്നു. നിരവധി പൊലീസ് മർദനങ്ങൾ ഏറ്റുവാങ്ങിയ നാരായണനെ അടിയന്തരാവസ്ഥയിൽ ജയിലിലടച്ചു. കണ്ണൂർ ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി പ്രവർത്തിച്ച കാലത്താണ് വിദ്യാഭ്യാസ മികവിന് വിവിധ പദ്ധതികളാവിഷ്കരിച്ചതും ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കിയതും. ശാന്തവും സൗമ്യവുമായ പെരുമാറ്റത്തിലുടെ രാഷ്ട്രീയ ശത്രുക്കൾക്ക് പോലും പ്രിയങ്കരനായിരുന്നു ഒ.വി.
ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തി
ബുധനാഴ്ച രാത്രി വിട വാങ്ങിയ മുതിർന്ന മാർക്സിസ്റ്റ് നേതാവ് ഒ.വി. നാരായണന്റെ മൃതദേഹം റെഡ് വളന്റിയർമാരുടെ അകമ്പടിയോടെ വിലാപ യാത്രയായി എരിപുരത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ഏ.കെ.ജി മന്ദിരത്തിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11.30 വരെയും രണ്ടുവരെ ഏഴോം ലോക്കൽ കമ്മിറ്റി ഓഫിസിലും 3.30വരെ അദ്ദേഹത്തിന്റെ വസതിയായ ഏഴോത്തെ നാരായണിയിലും പൊതു ദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് സഖാവിന് അന്തിമോപചാരമർപ്പിക്കാനെത്തിയത്. വൈകീട്ട് നാലോടെ ഏഴോം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, പി. ജയരാജൻ, എം. വിജിൻ എം.എൽ.എ, ടി.വി. രാജേഷ്, പി. ശശി, മുൻ എം.പി പി. കരുണാകരൻ, സി.കെ.പി. പത്മനാഭൻ, വി. വിനോദ്, പി.ടി. മാത്യു, എം.പി. ഉണ്ണികൃഷ്ണൻ, പി. ഗോവിന്ദൻ, സഹീദ് കായിക്കാരൻ, പി.ഒ.പി. മുഹമ്മദലി ഹാജി, എസ്.കെ.പി. സക്കറിയ, സുനിൽ പ്രകാശ്, സി. പി. സന്തോഷ് കുമാർ, എ. പ്രദീപൻ, പി.വി. ബാബു രാജേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. അനുശോചന യോഗത്തിൽ ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദീർഘകാലം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ല കമ്മിറ്റി അംഗവുമായിരുന്ന ഒ.വി. നാരായണൻ കർഷകത്തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച നേതാവാണ്. വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനായിരുന്നു ഒ.വി. നാരായണനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.