പഞ്ചായത്തധികൃതർ അവഗണന തുടർന്നു; നാട്ടുകാർ കാടുവെട്ടി പാത ശുചീകരിച്ചു
text_fieldsപഴയങ്ങാടി: കാടുകൾ വളർന്ന് പുഴയും പുഴയോരവും തിരിച്ചറിയാനാവാത്ത നിലയിൽ അപകട ഭീഷണിയുയർത്തി, ഗതാഗതം ദുസ്സഹമായ പഴയങ്ങാടി-വാടിക്കൽ കടവ് റോഡിലെ പുഴയോരം പ്രദേശവാസികളുടെയും സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.
ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ തീരദേശ റോഡിൽ മാടായി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പുഴയോരമാണ് ശുചീകരിച്ചത്. പുഴയോരത്ത് കാടുകൾ വളർന്നുനിൽക്കുന്നതിനാൽ അപരിചിതരായവർ വശം ചേർന്നു വാഹനം ഓടിച്ചാൽ പുഴയിലേക്ക് മറിയാൻ സാധ്യതയുള്ള മേഖല കൂടിയാണിത്.
പുഴയിലെയും പുഴയോരത്തെയും മാലിന്യ നിക്ഷേപം, തെരുവു നായ്ക്കളുടെയും നീർനായ്ക്കളുടെയും ശല്യം എന്നിവ പ്രദേശവാസികളുടെ സ്വൈരം കെടുത്തിയിരുന്നു. മേഖലയിൽ കാട് മൂടിയതിനെ തുടർന്ന് പുഴയോരവാസികളും വാഹന യാത്രക്കാരും നേരിടുന്ന ദുരിതം മാടായി പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് മാസങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ചത്.
ദുരിതത്തെ കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. പുഴയോരത്തുകൂടി കടന്നുപോകുന്നതും പഴയങ്ങാടിയിൽനിന്ന് വാടിക്കലിലേക്കും മാട്ടൂലിലേക്കും എളുപ്പത്തിലെത്താൻ കഴിയുന്നതുമായ പാതയാണിത്. തെരുവുവിളക്കുകൾ കത്താത്തതിനാൽ പ്രദേശം രാത്രികാലങ്ങളിൽ ഇരുട്ടിലാണ്.
വാഹനങ്ങളിൽ വന്ന് ഇരുട്ടിന്റെ മറവിൽ പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ മേഖലയിൽ മാലിന്യനിക്ഷേപവും തകൃതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.