പഴയങ്ങാടി ബോട്ട് ടെർമിനൽ യാഥാർഥ്യമായി
text_fieldsപഴയങ്ങാടി: വടക്കെ മലബാറിെൻറ വിനോദ മേഖലയിൽ വൻ വികസനം ലക്ഷ്യമിട്ടുള്ള മലനാട് മലബാർ റിവർ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ നിർമിച്ച ബോട്ട് ടെർമിനൽ വാക്ക് വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജല ടൂറിസത്തിെൻറ ഹബ്ബായി മാറുന്ന പഴയങ്ങാടി ബോട്ട് ടെർമിനലിന് മൂന്നുകോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 100 മീറ്റർ നീളവും 40 മീറ്ററിൽ നടപ്പാതയും 60 മീറ്ററിൽ നാല് ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ബോട്ട് ടെർമിനലിലുണ്ട്. ഇതോടൊപ്പം സോളർ ലൈറ്റുകൾ, ഇരിപ്പിടം, കരിങ്കൽ പാകിയ തൂണുകൾ, കൈവരികൾ, കേരളീയ തനിമയിൽ നിർമിച്ച മേൽക്കൂര എന്നിവ ബോട്ട് ടെർമിനലിെൻറ മനോഹാരിതക്ക് മികവേകുന്നു. ടെർമിനൽ കവാടത്തിലേക്കുള്ള റോഡ് ഇൻർലോക്ക് ചെയ്ത് നവീകരിച്ചിട്ടുണ്ട്.
സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പഴയങ്ങാടി പുഴയിൽ ബോട്ടിങ് നടത്തുന്നതിനും പദ്ധതിയിലൂടെ സാധ്യമാകും.
മലനാട് റിവർ ക്രൂയിസ് ടൂറിസം രണ്ടാംഘട്ട പദ്ധതിയിൽ കല്യാശ്ശേരിയിൽ മംഗലശ്ശേരി, കോട്ടക്കീൽപാലം, താവം, പഴങ്ങോട്, മുട്ടിൽ, വാടിക്കൽ, മാട്ടൂൽ സെൻട്രൽ, മാട്ടൂൽ സൗത്ത്, മടക്കര എന്നിവിടങ്ങളിൽ മിനി ബോട്ട് ടെർമിനലും മാട്ടൂൽ തെക്കുമ്പാട് ബോട്ട് ടെർമിനലും പട്ടുവം മംഗലശ്ശേരിയിലും പഴയങ്ങാടി മുട്ടുകണ്ടി റോഡിലും നടപ്പാതയും നിർമിക്കും. സ്വദേശി ദർശൻ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഘട്ട വികസനം. ടെൻഡർ നടപടി പൂർത്തിയായി. നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കും.
പഴയങ്ങാടിയിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ ശിലാഫലകം അനാച്ഛാദനവും ബോട്ടിെൻറ ഫ്ലാഗ്ഓഫും നിർവഹിച്ചു. കെ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, റാണി ജോർജ്, പി. ബാലകിരൺ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, എ. സുഹറാബി, പി.കെ. ഹസൻ കുഞ്ഞി മാസ്റ്റർ, ഡി. വിമല, ആനക്കീൽ ചന്ദ്രൻ, ആയിഷ ഉമ്മലിൽ, മധുസൂദനൻ കല്ലേരി എന്നിവർ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി. മുരളീധരൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.