പഴയങ്ങാടിയിലെ ‘രക്ഷകൻ’ പരീക്ഷാഹാളിലെത്തി; തടഞ്ഞ് കെ.എസ്.യു
text_fieldsപഴയങ്ങാടി: നവകേരള ബസിന് മുന്നിൽ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിദ്യാർഥി കോളജിൽ പരീക്ഷയെഴുതാനെത്തി. ഇതിനെത്തുടർന്ന് എസ്.എഫ്.ഐ -കെ.എസ്.യു വിദ്യാർഥികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്തെത്തിയ പൊലീസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിക്ക് സംരക്ഷണമൊരുക്കി. വിദ്യാർഥി പരീക്ഷ കഴിഞ്ഞ് ബൈക്കിൽ തിരിച്ചു പോവുകയും ചെയ്തു.
മാടായി കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ പ്രതി പട്ടികയിൽ പത്താമതായി ചേർത്ത ശഫൂർ അഹമ്മദാണ് വ്യാഴാഴ്ച മൂന്നാം സെമസ്റ്റർ ബി.ബി.എ പരീക്ഷയെഴുതാൻ മാടായി കോളജിലെത്തിയത്. രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയാണ് ശഫീർ അഹമ്മദ്.
ഇയാൾ കാമ്പസിലെത്തിയതോടെ കെ.എസ്.യു വിദ്യാർഥികൾ പ്രതിഷേധവുമായെത്തി തടയുകയായിരുന്നു. പ്രതിരോധിക്കാനായി എസ്.എഫ്.ഐക്കാരെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമായി. പ്രിൻസിപ്പൽ വിവരം നൽകിയതിനെ തുടർന്നെത്തിയ പൊലീസ് പ്രതിപട്ടികയിലെ വിദ്യാർഥിക്ക് പരീക്ഷയെഴുതുന്നതിനായി സംരക്ഷണമൊരുക്കി മാടായി കോളജ് കാമ്പസിൽ നിലയുറപ്പിച്ചു.
പരീക്ഷ കഴിഞ്ഞ് വിദ്യാർഥി മടങ്ങിയതോടെ പൊലീസും പോയി. പ്രതിപ്പട്ടികകയിലുളളവരെക്കുറിച്ച് പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നാണ് പൊലിസ് വിശദീകരണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.