വിശ്രമത്തിലാണ് വഴിയോര വിശ്രമ കേന്ദ്രം
text_fieldsപഴയങ്ങാടി: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ വഴിയോര വിശ്രമ കേന്ദ്രം വിശ്രമത്തിലാണ്. കയറ്റിറക്കവും വളവും തിരിവുമൊക്കെ ഒഴിവാക്കി പിലാത്തറ - പാപ്പിനിശ്ശേരി റോഡ് കെ.എസ്.ടി.പി നവീകരിച്ചതോടെ രൂപപ്പെട്ട സ്ഥലം ഉപയോഗിച്ചാണ് രാമപുരത്ത് വഴിയോര വിശ്രമ കേന്ദ്രം സജ്ജീകരിച്ചത്.
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാത വഴി സഞ്ചരിക്കുന്ന ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം ലക്ഷ്യമിട്ടാണ് ഇതു നിർമിച്ചത്.
അമ്പതിലേറെ വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമടക്കം ഏർപ്പെടുത്തിയ ഈ പദ്ധതിക്ക് ഒരു കോടി 35 ലക്ഷമാണ് ചെലവഴിച്ചത്. പൂന്തോട്ടം, വിളക്കുകൾ, ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ഇവയൊക്കെ ഇവിടെ സജ്ജീകരിച്ചിരുന്നു.
സൗകര്യപ്രദമായ ഓഫിസും ഇതോടനുബന്ധിച്ചുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ അവസാനത്തിൽ മന്ത്രി ജി. സുധാകരൻ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും ഇന്നും തുറക്കാതെ വിശ്രമത്തിലാണ് ഈ വിശ്രമ കേന്ദ്രം.
വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാൻ ലക്ഷ്യമിട്ട് രണ്ടു തവണ ടെൻഡർ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തുടർ നടപടികളുണ്ടായില്ല. മെച്ചപ്പെട്ട സൗകര്യങ്ങൾ സജ്ജീകരിച്ച് നിർമിച്ച വഴിയോര കേന്ദ്രം കാട് കയറി നാശഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ കേന്ദ്രം യാത്രക്കാർക്ക് തുറന്നു കൊടുക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.