പുതിയങ്ങാടി-ചൂട്ടാട് മേഖലയിൽ കടൽക്ഷോഭം
text_fieldsപഴയങ്ങാടി: പുതിയങ്ങാടി -ചൂട്ടാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. നിർമാണം നടക്കുന്ന പുലിമുട്ടിനും ബീച്ച് പാർക്കിനും മധ്യേയുള്ള മേഖലയിലാണ് തീരദേശവാസികളെ ഭീതിയിലാഴ്ത്തിയ കടൽക്ഷോഭം. മീറ്ററുകളോളം ഉയരത്തിലാണ് തിരയടിച്ചുപൊങ്ങുന്നത്. കരയുടെ ഭാഗങ്ങൾ കടലെടുത്ത് തുടങ്ങിയിട്ടുണ്ട്. ചൂട്ടാട് ബീച്ച് പാർക്കിലെ സോളാർ ലൈറ്റുകളും പന വൃക്ഷങ്ങളും ഇരിപ്പിടങ്ങളും കടലെടുത്തു. ഘോര ശബ്ദത്തോടെ രാത്രികാലങ്ങളിൽ തിരമാലകളടിച്ചുയരുന്നത് തീരദേശത്തെ ഭീതിയിലാഴ്ത്തിട്ടുണ്ട്.
പാർക്ക് ഫെസ്റ്റിന്റെ ഭാഗമായി കടൽക്കരയിൽ സ്ഥാപിച്ച ഊഞ്ഞാലുകൾ കടൽക്ഷോഭ ഭീതിയിൽ എടുത്തുമാറ്റി. രാത്രിയിൽ വേലിയേറ്റത്തിലാണ് കടൽക്ഷോഭം രൂക്ഷമാകുന്നത്. കടൽക്ഷോഭം രൂക്ഷമായതോടെ സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. എം. വിജിൻ എം.എൽ.എയും റവന്യൂ അധികൃതരും സ്ഥലം സന്ദർശിച്ചു. കടൽ ക്ഷോഭത്തെക്കുറിച്ച് ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിതായും ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.
മാടായി പഞ്ചായത്ത് അംഗം പി. ജനാർദനൻ, സി.പി.എം മാടായി ഏരിയ സെക്രട്ടറി വി. വിനോദ്, സി.പി.എം മാടായി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. വേണുഗോപാൽ തുടങ്ങിയവരും എം.എൽ.എയോടൊപ്പം മേഖലയിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.