പഴയങ്ങാടി താലൂക്കാശുപത്രിയിൽ അതിഥിതൊഴിലാളികൾക്ക് പ്രത്യേക വാർഡ്
text_fieldsപഴയങ്ങാടി: ഒ.പിയും ഐ.പിയുമടക്കമുള്ള ആധുനികസൗകര്യങ്ങൾ പഴയങ്ങാടി താലൂക്കാശുപത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. പഴയങ്ങാടി താലൂക്കാശുപത്രിയിലെ അതിഥിതൊഴിലാളി വാർഡ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രണ്ടാംഘട്ട നിർമാണപ്രവൃത്തി, സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണപ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
'അതിഥി ദേവോ' പദ്ധതിയിലാണ് 97 ലക്ഷം രൂപ ചെലവിൽ അതിഥിതൊഴിലാളികൾക്കായി പ്രത്യേക വാർഡ് സജ്ജമാക്കിയത്. സംസ്ഥാനത്തെ ആദ്യ അതിഥിതൊഴിലാളി വാർഡാണ് കല്യാശ്ശേരി മണ്ഡലത്തിലേത്. 3745 ചതുരശ്രയടിയിൽ മികച്ച സൗകര്യങ്ങളോടെയാണ് വാർഡ് ഒരുക്കിയത്.
20 കിടക്കകളാണ് സജ്ജീകരിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേകം മുറികൾ, നഴ്‌സസ് സ്റ്റേഷൻ, നിരീക്ഷണമുറി, പരിശോധനമുറി, ഡോക്ടേഴ്‌സ് റൂം, മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യം, റാംപ്, ശുചിമുറിസമുച്ചയം എന്നീ സൗകര്യങ്ങളുമുണ്ട്.
3000ത്തോളം അതിഥിതൊഴിലാളികൾ കല്യാശ്ശേരി മണ്ഡലത്തിലുണ്ട്. ഈ സംവിധാനം അവർക്ക് ഏറെ സഹായകരമാകും. നബാർഡ് മുഖേന ഒമ്പത് കോടി രൂപ ചെലവിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമിക്കുന്നത്.
ദേശീയ ആരോഗ്യദൗത്യം മുഖേന 1.22 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ രണ്ടു നിലകളിലായി നാല് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കും. കിടപ്പുമുറികൾ, അടുക്കള ഭക്ഷണമുറി, ശുചിമുറി എന്നിവയും ഒരുക്കും. താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.