മാടായിപ്പാറയിലെയും പരിസരത്തെയും തട്ടുകടകൾ നീക്കാൻ നടപടി
text_fieldsപഴയങ്ങാടി: മാടായിപ്പാറയും പരിസരത്തെ പൊതുമരാമത്ത് വകുപ്പിന്റെ പാതയും കൈയേറി കച്ചവടം നടത്തുന്ന തട്ടുകട വ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കാൻ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി കച്ചവടക്കാർക്ക് അധികൃതർ നോട്ടീസ് നൽകി. മാടായിക്കാവ് ദേവസ്വം അധികൃതർ മാടായിപ്പാറയിലെയും റോഡിലെയും അനധികൃത വ്യാപാരത്തിനെതിരെ ചീഫ് സെക്രട്ടറി, കലക്ടർ, തഹസിൽദാർ, പൊലീസ്, മാടായി പഞ്ചായത്ത് എന്നിവരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹരജിയിൽ കേരള ഹൈകോടതി അനധികൃത കച്ചവടം നീക്കാൻ നേരത്തേ വിധി നൽകിയിരുന്നു.
വിധി നടപ്പാക്കാൻ ആറുമാസം കഴിഞ്ഞിട്ടും നടപടികളുണ്ടായില്ലെന്നതിനാൽ ദേവസ്വം അധികൃതർ കോടതി അലക്ഷ്യത്തിനെതിരെ കേരള ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് തിരക്കിട്ട് നടപടി ആരംഭിച്ചത്. പയ്യന്നൂർ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, മാടായി വില്ലേജ് ഓഫിസർ, മാടായി പഞ്ചായത്ത് അസി. സെക്രട്ടറി, പഴയങ്ങാടി പൊലീസ് എന്നിവരാണ് നടപടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തി നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ പ്രമുഖ ഇടനാടൻ ചെങ്കൽ കുന്നായ മാടായിപ്പാറയിൽ വാഹനങ്ങൾ കയറുന്നതിനാൽ ജൈവ വൈവിധ്യങ്ങളം നശിക്കുകയാണ്. സാമൂഹിക ദ്രോഹികൾ മദ്യപിക്കുന്നതും മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും ഇവിടെപതിവാണ്.
ജില്ലയിൽ ആകെ കണ്ടെത്തിയ 1120 ചെടികളിൽ 675 തരം സസ്യങ്ങളുടെ സാന്നിധ്യം മാടായിപ്പാറയിലുണ്ട്. 18 ചെടികളെ സസ്യ ലോകത്തിന് പരിചയപ്പെടുത്തിയതു തന്നെ മാടായിപ്പാറയാണ്. കേരളത്തിൽ ആകെ കണ്ടെത്തിയ ശലഭങ്ങളിൽ 160ൽ പരം മാടായിപ്പാറയിലുണ്ട്. അധികൃതർ നടപടി ആരംഭിച്ചതോടെ തട്ടുകടകൾ പലതും അടച്ചു തുടങ്ങി. പതിവിൽനിന്ന് വ്യത്യസ്തമായി വ്യാഴാഴ്ച മാടായിപ്പാറയിൽ സന്ദർശകരും കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.