ജൈവ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച് തവരത്തടം
text_fieldsപഴയങ്ങാടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാടായിപ്പാറയിലെ തവരത്തടം പച്ചക്കറി വിളവെടുപ്പിെൻറ നിറവിൽ. ഇപ്രാവശ്യത്തെ ഓണത്തിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തവരത്തടത്തെ കൂടുതൽ ജൈവ പച്ചക്കറി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കിയത്. ഇതിനായി അഞ്ചുലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. പാവക്ക, വെണ്ട, വെള്ളരി, ചീര, പയർ, കക്കിരി, വഴുതിന എന്നിവയുടെ ഒന്നാംഘട്ട വിളവെടുപ്പ് തവരത്തടത്തെ കാർഷിക മേഖലയിൽ മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി ഉദ്ഘാടനം ചെയ്തു.
ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ഇനങ്ങൾ അടുത്ത ആഴ്ചയിലെ രണ്ടാം ഘട്ടത്തിൽ വിളവെടുക്കും. ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലിയും വ്യാപകമായി ഇവിടെ കൃഷി ചെയ്തിട്ടുണ്ട്.കാർഷിക മേഖലകൾക്ക് ഊന്നൽ നൽകി മാടായി പഞ്ചായത്ത് 30 ലക്ഷം രൂപയാണ് കൃഷിക്ക് അനുവദിച്ചത്. മാടായി പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വ്യക്തികളും സന്നദ്ധ സംഘടനകളും കൃഷിയിറക്കിയത്.
മഴക്കാല പച്ചക്കറി കൃഷി നടത്തുന്ന ജില്ലയിലെ അപൂർവം പഞ്ചായത്തുകളിലൊന്നാണ് മാടായി പഞ്ചായത്തെന്ന് കൃഷി ഓഫിസർ ടി. വിനോദ് കുമാർ പറഞ്ഞു.ജലസേചന സൗകര്യങ്ങളൊരുക്കിയാൽ പഞ്ചായത്തിലെ മാടായിപ്പാറയിൽ തരിശിട്ട കൂടുതൽ മേഖലകളിൽക്കൂടി വർഷം മുഴുവൻ പച്ചക്കറി കൃഷിയോഗ്യമാക്കാൻ കഴിയുമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.