സുൽത്താൻ തോട് പാർശ്വഭിത്തി തകർച്ച; രണ്ടു വർഷം പിന്നിട്ടിട്ടും പുനർനിർമിച്ചില്ല
text_fieldsപഴയങ്ങാടി: പ്രധാന ജലപാതയും ചരിത്രസ്മാരകവുമായ സുൽത്താൻ തോടിന്റെ, മാടായി വാടിക്കൽ ഭാഗത്തെ പാർശ്വഭിത്തി തകർന്നിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല. 2022 മേയ് 18നാണ് സുൽത്താൻ തോടിന്റെ മാടായി വാടിക്കൽ കരഭാഗത്ത് 100 മീറ്റർ ദൈർഘ്യത്തിൽ പാർശ്വഭിത്തി തകർന്നത്. ഇതോടെ സമീപത്തെ കെ.എസ്. സജീവന്റെ വീട് അപകടഭീഷണിയിലായി. ഭിത്തി തകർന്ന ഭാഗത്ത് കരയിടിയുകയായിരുന്നു. അനിയന്ത്രിതമായ വാഹനഗതാഗതവും കരയിടിയുന്നതിനു കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. രണ്ടു ഘട്ടങ്ങളിലായി നടന്ന സുൽത്താൻ തോട് നവീകരണ പദ്ധതികൾക്ക് 12 കോടി രൂപയാണ് ചെലവ്.
നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയത്. ഭാരിച്ച തുക ചെലവഴിച്ചാണ് നടപ്പാത നിർമിച്ചത്. പാർശ്വഭിത്തിയുടെ ബലക്ഷയം പരിഗണിക്കാതെയാണ് അനുബന്ധപ്രവൃത്തികൾ നടത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു
ജലഗതാഗതത്തിന് അനന്തസാധ്യതയുള്ള സുൽത്താൻ തോട് വഴി മംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള ഗതാഗത പദ്ധതികൾ നായനാർ മന്ത്രിസഭയുടെ കാലത്ത് വിഭാവനം ചെയ്തിരുന്നു. .ഇ.കെ. നായനാർ മുഖ്യമന്ത്രിയായപ്പോൾ സുൽത്താൻ തോടിന്റെ ഇരുകരകളിലുമുള്ളവരുടെ സൗകര്യംകൂടി പരിഗണിച്ച് 21 തുരുത്തുകളെ ബന്ധിപ്പിച്ച് കേരള ജലഗതാഗത വകുപ്പിന്റെ കീഴിൽ കോട്ടപ്പുറം-കൊറ്റി-വളപട്ടണം, പറശ്ശിനിക്കടവ് ബോട്ട് സർവിസ് നടത്തിയിരുന്നു. എന്നാൽ, സുൽത്താൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ കരയിടിച്ചിലുണ്ടായതിനാൽ ബോട്ട് സർവിസ് താളം തെറ്റി.
സമയം തെറ്റിയുള്ള യാത്രയും സർവിസ് മുടക്കവും പതിവായതോടെ യാത്രക്കാർ സർവിസിനെ കൈയൊഴിയുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണിക്കെന്ന വ്യാജേന ബോട്ടുകൾ മേഖലയിൽനിന്ന് മാറ്റി. പാർശ്വഭിത്തിയുടെ തകർന്ന ഭാഗം ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോഡ് ചീഫ് എൻജിനീയർ, ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തുകയും കല്യാശ്ശേരി എം.എൽ.എ എം. വിജിൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു. തകർന്ന പാർശ്വഭിത്തി ഉടൻ പുനർനിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.