കല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ പ്രവൃത്തികൾക്ക് ടെൻഡർ നടപടിയായി
text_fieldsപഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതികളുടെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ എരിപുരം ബി.ആർ.സിയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
2022-23 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ 15 പദ്ധതികളുൾപ്പെടെയുള്ള പ്രവൃത്തികളുടെ ടെൻഡർ നടപടി സ്വീകരിച്ചതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഗോപകുമാർ അറിയിച്ചു.
കല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവ് കൈത്തോടിന് ഉപ്പുവെള്ള പ്രതിരോധ ബണ്ട് പുനർ നിർമാണത്തിന് -28 ലക്ഷം, ചെറുകുന്ന് പഞ്ചായത്തിലെ കാക്കാതോടിലെ ഉപ്പുവെള്ള പ്രതിരോധ ബണ്ടിന് 23 ലക്ഷം, പള്ളിക്കര പത്തൊന്നിൽ കൈപ്പാട് തോടിന് കുറുകെ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിർമിക്കുന്നതിന് -25 ലക്ഷം.
കണ്ണപുരം പഞ്ചായത്തിലെ ചൂട്ടാക്കീൽകണ്ടി ഉപ്പുവെള്ള പ്രതിരോധ ബണ്ട് പുനർനിർമാണത്തിന് -28 ലക്ഷം, മുക്കുറ്റിതോട് ഉപ്പുവെള്ള പ്രതിരോധ ബണ്ടിന് -51 ലക്ഷം, മാട്ടൂൽ പഞ്ചായത്തിലെ വളപട്ടണംചാൽ തോട് ഉപ്പുവെള്ള പ്രതിരോധ ബണ്ടിന് -38 ലക്ഷം, തങ്ങളെപ്പള്ളി മഞ്ഞത്തോട് പ്രതിരോധ ബണ്ട് നവീകരണത്തിന് -4.30 ലക്ഷം.
ചെറുതാഴം പഞ്ചായത്തിലെ അറത്തിൽ വയൽ കോട്ടപ്രദേശത്ത് ക്രോസ്ബാർ നിർമാണത്തിന് -33 ലക്ഷം, മാടായി പഞ്ചായത്തിലെ നടക്കുതാഴെ ഉപ്പുവെള്ള പ്രതിരോധ ബണ്ട് നവീകരണത്തിന് -19.70 ലക്ഷം, ചൂട്ടാട് ഉപ്പുവെള്ള പ്രതിരോധ ബണ്ട് നവീകരണം -16 ലക്ഷം, ഏഴോം പഞ്ചായത്തിലെ നങ്കലത്ത് നിലവിലുള്ള മാർജിനൽ ബണ്ട് ഉയരം കൂട്ടലിന് 34.50 ലക്ഷം.
പട്ടുവം പഞ്ചായത്തിലെ പോത്തട മഞ്ചക്കണ്ടി നവീകരണം -21 ലക്ഷം, കുഞ്ഞിമംഗലം പഞ്ചായത്തിലെ തുരുത്തി വലിയ വളപ്പ് തോടിന് കുറുകെ ക്രോസ് ബാർ നിർമാണത്തിന് 17 ലക്ഷം, തെക്കേവയൽ പാടശേഖരത്തിന് ബണ്ട് നിർമിക്കുന്നതിന് 34.50 ലക്ഷം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ രാംപാലം ക്രോസ്ബാർ പുതുക്കിപ്പണിയുന്നതിന് 27 ലക്ഷം, ചെറുതാഴം പഞ്ചായത്തിലെ രാമപുരം കുണ്ടം ബണ്ട് നിർമാണത്തിന് 50 ലക്ഷം എന്നിങ്ങനെ ടെൻഡർ പൂർത്തിയായി.
പട്ടുവം പഞ്ചായത്തിൽ മംഗലശ്ശേരിക്കുളം നവീകരണത്തിന് 44 ലക്ഷം, കയ്യംകുളം നവീകരണം -22 ലക്ഷം എന്നിങ്ങനെയാണ് ടെൻഡറായത്. കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷിനശിക്കുന്നതും കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതും തടയുന്നതിന് പദ്ധതികൾ പൂർത്തിയാകുന്നതോടെ സാധ്യമാകും. പ്രവൃത്തികൾ വേഗത്തിൽ പൂർത്തികരിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകണമെന്നും എം.എൽ.എ യോഗത്തിൽ നിർദേശം നൽകി.
ചെറുകിട ജലസേചന എക്സിക്യൂട്ടിവ് എൻജിനീയർ കെ. ഗോപകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇ.എൻ. രവീന്ദ്രൻ, പി. സുരേഷ് ബാബു, അസിസ്റ്റന്റ് എൻജിനീയർ എ.വി. വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.