അധ്യാപക നിയമനം അനുവദിച്ചില്ല; വിദ്യാർഥികൾ ദുരിതത്തിൽ
text_fieldsപഴയങ്ങാടി: പൊതുമേഖല വിദ്യാലയങ്ങളുടെ മികവുയർത്താൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്ന സാഹചര്യത്തിലും അധ്യാപകരില്ലാതെ പുതിയങ്ങാടിയിലെ മാടായി ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ പ്രയാസത്തിൽ. 823 വിദ്യാർഥികളുള്ള തീരദേശ മേഖലയിലെ ഈ യു.പി സ്കൂളിൽ വിദ്യാർഥികളുടെ എണ്ണമനുസരിച്ച് 29 അധ്യാപക തസ്തികക്ക് അർഹതയുണ്ട്. എന്നാൽ 23 അധ്യാപകരാണ് നിലവിലുളളത്.
കെട്ടിടത്തിനും ക്ലാസ് മുറികൾക്കും സർക്കാർ പ്രത്യേകം മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വാടക കെട്ടിടത്തിൽ കാലങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിച്ച ഇളവുകൾക്ക് നേരത്തേ ഈ വിദ്യാലയം അർഹത നേടിയിരുന്നു.
എന്നാൽ, ഈ വിദ്യാഭ്യാസ വർഷാരംഭത്തിനു മാസങ്ങൾക്കു മുമ്പേ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലെ സാങ്കേതികത്വത്തിൽ കുടുങ്ങിയാണ് തസ്തിക അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നത്. തുടർനടപടികളിലൂടെ തസ്തിക അനുവദിച്ചു കിട്ടുമെന്ന നിഗമനത്തിൽ പരിമിത സമയത്തേക്കായി ആറു അധ്യാപകരെ താൽക്കാലികമായി നിയമിച്ചിരുന്നു.
അധ്യാപക നിയമനം കഴിഞ്ഞ ഒക്ടോബർ വരെ നീണ്ടു പോയേക്കാവുന്ന സാഹചര്യത്തിൽ സർക്കാർ ഫണ്ടുപയോഗിച്ച് താൽക്കാലിക നിയമനത്തിനു അനുമതിയുണ്ടായിരുന്നു. ഇതനുസരിച്ചാണ് നിയമനം നടത്തിയത്. എന്നാൽ, ആറു താൽക്കാലിക അധ്യാപകർക്കും വേതനം ലഭിക്കാത്തതിനാൽ അധ്യാപകർ തുടർന്നില്ല. തുടർന്ന് ഓരോ ക്ലാസിലും അറുപതോളം കുട്ടികൾ തിങ്ങിഞെരുങ്ങി പഠനം തുടരുന്ന സ്ഥിതിയാണ്.
തസ്തിക അനുവദിച്ചുകൊണ്ടുള്ള നടപടി പൂർത്തിയാകാത്തിതിനാൽ വിദ്യാർഥികൾ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. എന്നിട്ടും തസ്തിക ഇതു വരെ അനുവദിച്ചിട്ടില്ല. അടിയന്തരമായി വിദ്യാലയത്തിൽ ആറു തസ്തികകൾ അനുവദിക്കണമെന്ന് അധ്യാപക രക്ഷാകർതൃ സമിതിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.