പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമാണം ഇഴയുന്നു; പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കാത്തത് നിർമാണത്തിന് പ്രതിബന്ധമാകുന്നു
text_fieldsപഴയങ്ങാടി: പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി പഴയ പാലത്തിനു സമാന്തരാമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ ജോലികൾ ഇഴഞ്ഞു നീങ്ങുന്നു. 18 കോടി 51 ലക്ഷം രൂപ വകയിരുത്തി കിഫ്ബി പദ്ധതിയിൽ നിർമാണം ആരംഭിച്ച പാലത്തിന്റെ പൈലിങ് ജോലികൾ ഇനിയും പൂർത്തീകരിക്കാനായിട്ടില്ല.
താവം ഭാഗത്ത് 16 തൂണുകളുടെ പൈലിങ് ജോലികൾ ഇതിനകം പൂർത്തീകരിക്കാനായെങ്കിലും പഴയങ്ങാടി ഭാഗത്ത് അബ് തൂണുകളുടെ പൈലിങ് ജോലികളാണ് പൂർത്തീകരിച്ചിട്ടുള്ളത്.
പഴയങ്ങാടി കരഭാഗത്തെ മാടായി പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കാത്തതാണ് നിർമാണത്തിനു പ്രതിബന്ധമാകുന്നത്. പൊതു മരാമത്തു വകുപ്പിന്റെ സ്ഥലത്ത്, വകുപ്പ് ആവശ്യപ്പെടുന്ന ഘട്ടത്തിൽ പൊളിച്ചു നീക്കാമെന്ന വ്യവസ്ഥയിൽ നിർമിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിടം പാലം നിർമാണത്തിനായി പൊളിച്ചുമാറ്റാനായി അധികൃതർ ഒഴിഞ്ഞു നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫിസ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ട് മാസങ്ങളായി.
എന്നാൽ പഴയങ്ങാടി പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഇനിയും പൊളിച്ചു നീക്കിയിട്ടില്ല. ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ ഇനിയുമാകാത്തതാണ് കെട്ടിടം പൊളിക്കുന്നതിനു തടസ്സമാകുന്നത്. ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റിയാലേ ഈ ഭാഗത്തെ പൈലിങ് ജോലികൾ സാധ്യമാവുകയുള്ളു.
246.5 മീറ്റർ ദൈർഘ്യത്തിലും 11 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് ഒമ്പത് സ്പാനുകളുണ്ടാവും. 98 മീറ്റർ ദൈർഘ്യത്തിൽ പഴയങ്ങാടി കരയിലും 108 മീറ്റർ ദൈർഘ്യത്തിൽ താവം കരയിലും അനുബന്ധ പാതകൾ നിർമിക്കും.1.5 മീറ്ററായിരിക്കും നടപ്പാതയുടെ വീതി. പ്രധാന ജലപാതയായ പഴയങ്ങാടി പുഴയിലെ ജലതാഗത സൗകര്യാർഥം 55.5 മീറ്റർ ദൈർഘ്യത്തിലാണ് സെന്റർ സ്പാൻ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.