പഞ്ചായത്ത് വൈദ്യുതി ബില്ലടച്ചില്ല; കുടിവെള്ളം മുടങ്ങി
text_fieldsപഴയങ്ങാടി: കുടിവെള്ള പദ്ധതിയുടെ വൈദ്യുതി തുക അടക്കാത്തതിനാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. മാടായി പഞ്ചായത്തിലെ കുണ്ടായി ഇട്ടമ്മൽ അംബേദ്കർ കോളനിയിലെ പൊതുകിണറിൽ നിന്നുള്ള കുടിവെള്ള വിതരണമാണ് മാടായി പഞ്ചായത്ത് ബില്ലടക്കാത്തതിനാൽ കെ.എസ്.ഇ.ബി വൈദ്യുതി വിഛേദിച്ചതോടെ മുടങ്ങിയത്.
കഴിഞ്ഞ രണ്ട് മാസമായി വൈദ്യതിബന്ധം വിഛേദിച്ച നിലയിൽ തുടരുകയാണ്. രണ്ടു പതിറ്റാണ്ടായി മാടായി പഞ്ചായത്തിൽ 16, 17 വാർഡ് നിവാസികൾ കുണ്ടായിട്ടമ്മൽ അംബേദ്കർ കോളനിയിലെ പൊതുകിണറിൽ നിന്നുള്ള കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. 113 ലധികം പട്ടികജാതി കുടുംബങ്ങളുൾപ്പടെ ഇരുനൂറിലധികം കുടുംബങ്ങൾക്കാണ് ഈ കിണറിൽ നിന്നുള്ള പൊതുടാപ്പുകളിലൂടെയുള്ള ജലവിതരണം ഇല്ലാതായത്.
വൈദ്യുതി തുകയടച്ച് കുണ്ടായിട്ടമ്മൽ പ്രദേശത്തെ കുടിവെള്ള വിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മാടായി പഞ്ചായത്തധികൃതർക്ക് നിവേദനം നൽകി. സി.പി.എം മാടായി ഏരിയ കമ്മിറ്റി അംഗം പി. ജനാർദനൻ, മാടായി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. വേണുഗോപാലൻ, ബ്രാഞ്ച് സെക്രട്ടറി ഒ.കെ. രതീഷ്, കെ. ദിവാകരൻ, എം. ധനീഷ്, കെ. ഷബിൻ, കെ. നിഖിൽ, എം. ധന്യ എന്നിവരാണ് നിവേദനം നൽകിയത്. രണ്ട് ദിവസത്തിനകം വൈദ്യുതി ബിൽ അടച്ച് കുടിവെള്ളം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ നിവേദകസംഘത്തിന് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.