കിണറുകൾ വറ്റിവരണ്ടു; ഏഴോം, ചെറുകുന്ന്, മാടായി പഞ്ചായത്തുകളിൽ ജലക്ഷാമം
text_fieldsപഴയങ്ങാടി: വേനൽ കടുത്തതോടെ ഏഴോം, ചെറുകുന്ന്, മാടായി പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമായി. മേഖലയിലെ വീട്ടു കിണറുകളും കുളങ്ങളും വറ്റിവരണ്ടു.
ചെറുകുന്ന് പഞ്ചായത്തിലെ ഒരുയമ്മാടം, കുന്നനങ്ങാട്, പഴങ്ങോട്, പള്ളിക്കര, ദാലിൽ , മുട്ടിൽ, താവം പ്രദേശങ്ങളിൽ വീട്ടുകിണറുകൾ പൂർണമായും വരണ്ടു.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം ശുദ്ധജലം കിട്ടുന്ന മേഖലയാണിത്. െസപ്റ്റംബർ മുതൽ ഡിസംബർവരെ കിണറുകളിൽ ഉപ്പുവെള്ളം ലഭ്യമാവുന്ന ഈ പ്രദേശങ്ങളിൽ വേനൽ കടുത്തതോടെ ഉപ്പുവെള്ളവും കിട്ടാക്കനിയാവുകയാണ്.
ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം, അടുത്തില, ഏഴോം, ഏഴോംമൂല തുടങ്ങിയ പ്രദേശങ്ങളും രൂക്ഷമായ ശുദ്ധജല ക്ഷാമത്തിലാണ്. ഈ മേഖലകളിലെ വീട്ടുകിണറുകളിൽ പലതും ഗന്ധക സാന്നിധ്യമുള്ളതിനാൽ ആഴം കൂട്ടാൻ പറ്റാത്ത അവസ്ഥയിലാണ്.
മാടായി പഞ്ചായത്തിലെ മാടായിത്തെരു, മാടായിപ്പാറ മേഖലകളിലും കിണറുകളും കുളങ്ങളും പൂർണമായി വറ്റിയിട്ടുണ്ട്. സാധാരണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ കാലയളവിൽ ലോറികളിൽ ശുദ്ധജല വിതരണം നടത്താറുണ്ടെങ്കിലും ഈ വർഷം ജലവിതരണം ആരംഭിച്ചിട്ടില്ല. മേഖലയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയും അനുബന്ധ ശുദ്ധജല പദ്ധതികളുംവഴി ജലവിതരണ സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ല. ജപ്പാൻ കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണം ഈ മേഖലയിൽ ഇപ്പോൾ ഒന്നിടവിട്ട ദിനങ്ങളിലും രണ്ടു ദിവസത്തിലൊരിക്കലുമായതോടെ ജനം പൂർണമായും ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.