തെക്കുമ്പാട് ദ്വീപിലെ കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതി
text_fieldsപഴയങ്ങാടി: മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലെ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കർഷക സംഘം തെക്കുമ്പാട് യൂനിറ്റ്, എം.എൽ.എ വഴി മന്ത്രി എ.കെ. ശശീന്ദ്രന് പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം വിളിച്ചത്.
യോഗത്തിൽ വനം, ജലസേചനം, റവന്യൂ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും പങ്കെടുത്തു. കർഷകർക്ക് അവരുടെ സ്ഥലത്ത് കൃഷി ചെയ്യുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വനം വകുപ്പുമായി ആലോചന നടത്തി പ്രവർത്തനങ്ങൾ നടത്തണമെന്ന് എം.എൽ.എ പറഞ്ഞു. കർഷകരുടെയും വനം വകുപ്പിന്റെയും അധീനതയിലുള്ള സ്ഥലം താലൂക്ക് സർവേയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. തെക്കുമ്പാട് പ്രദേശത്ത് നെൽകൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം കണ്ടൽ വനം സംരക്ഷിക്കുന്നതിനും പ്രദേശത്തെ ഉപ്പുവെള്ളം തടയുന്നതിനും നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജിർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഫാരിഷ, കെ. രതി, വൈസ് പ്രസിഡൻറ് എം. ഗണേശൻ, ചീഫ് വനം കൺസർവേറ്റർ ജെ. ദേവപ്രസാദ്, അസി. ചീഫ് വനം ഓഫിസർമാരായ വി. രാജൻ, ജി. പ്രദീപ്, അജിത്ത് കെ. രാമൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി. രതീശൻ, കൃഷി അസി. ഡയറക്ടർ എ. സുരേന്ദ്രൻ, പി.പി. സ്മിത, നോബിൽ സെബാസ്റ്റ്യൻ, കെ.വി. ശ്രീധരൻ, എ. ഉണ്ണികൃഷ്ണൻ, പ്രകാശൻ നടുവിലത്ത്, ലക്ഷ്മണൻ, കെ.വി. വത്സല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.