മാടായിപ്പാറയിൽ സാമുഹ്യ ദ്രോഹികൾ വീണ്ടും തീയിട്ടു: മൂന്ന് ഏക്കറോളം പുൽമേടുകൾ കത്തി നശിച്ചു
text_fieldsപഴയങ്ങാടി: മാടായിപ്പാറയിൽ സാമുഹ്യ ദ്രോഹികൾ തീയിട്ടതിനെ തുടർന്ന് മൂന്ന് ഏക്കറയോളം പുൽമേടുകൾ കത്തി നശിച്ചു. മാടായിപ്പാറയിലെ കിഴക്കെ ചെരിവിലെ ഖബർസ്ഥാൻ മേഖലയിലാണ് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെ തീ പടർന്നു പിടിച്ചത്. ഡൈമേറിയ പുൽമേടുകളാണ് വ്യാപകമായി കത്തി നശിച്ചത്.
തേക്ക് മരങ്ങളും കരിഞ്ഞിട്ടുണ്ട്. മാടായിപ്പാറയുടെ താഴ്ഭാഗമായ ഈ മേഖലയിൽ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലേക്ക് പുകപടലങ്ങൾ പടർന്നത് മേഖലയിൽ ഭീതി പടർത്തി. തീ ഈ ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിന് മുമ്പേ അഗ്നി രക്ഷ സേന സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
പയ്യന്നൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സാണ് തീയണച്ചത്. രണ്ടാഴ്ചക്കിടയിൽ മൂന്നാമത്തെ തവണയാണ് മാടായിപ്പാറയിൽ തീപിടിത്തമുണ്ടാകുന്നത്. വർഷത്തിൽ ഇരുപത് മുതൽ മുപ്പത് വരെ തവണകൾ സാമുഹ്യ ദ്രോഹികൾ തീയിടുന്നത് കാരണം ഏക്കറുകണക്കിന് പുൽമേടുകൾ കത്തി നശിച്ചിട്ടും അപൂർവയിനം സസ്യങ്ങളും ജൈവ വൈവിധ്യങ്ങളും അഗ്നിക്കിരയായിട്ടും സാമുഹ്യ ദ്രോഹികളെ കണ്ടെത്താനോ നടപടികൾ സ്വീകരിക്കാനോ കഴിയാത്തതാണ് തീവെപ്പ് തുടർക്കഥയാവുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.