വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ
text_fieldsപഴയങ്ങാടി: ഏഴോം കണ്ണോത്തെ വീട്ടുപറമ്പിൽ നിന്ന് മുറിച്ചെടുത്ത ചന്ദനമരം കടത്തുന്നതിനിടയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് ആയിഷ വില്ലയിലെ എ. റാഫി (39), പഴശ്ശി നെല്ലൂനിയിലെ കോയാടൻ വീട്ടിൽ പ്രസാദ് (39), പാട്ടന്നൂരിലെ നെടുകുളം നായാട്ടുപ്പാറയിലെ തലക്കാട്ട് വീട്ടിൽ ബിജു (36) എന്നിവരാണ് അറസ്റ്റിലായത്.
പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സിവിൽ പൊലീസ് ഓഫിസർമാരായ ഷിജോ അഗസ്റ്റിൻ, നൗഫൽ അഞ്ചില്ലത്ത്, അഷറഫ് എന്നിവരടങ്ങുന്ന സ്ക്വാഡും പഴയങ്ങാടി എസ്.ഐ രൂപ മധുസൂദനൻ, എസ്.ഐ വത്സരാജൻ, എ.എസ്.ഐ പ്രസന്നനും ചേർന്ന സംഘമാണ് മട്ടന്നൂരിൽ ഇവരെ പിടികൂടിയത്.
20 കിലോ ചന്ദനമരത്തടി മട്ടന്നൂരിലേക്ക് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിന്തുടർന്ന് പൊലീസ് വലയിലാക്കിയത്. കഴിഞ്ഞ ഒമ്പതിന് എഴോം കണ്ണോത്തെ വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനമരം കടത്തുന്നതിനിടെ മട്ടന്നൂരിൽ പൊലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് സാഹസികമായി പൊലീസ് ഇവരെ പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറും ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്തർസംസ്ഥാന ചന്ദനമോഷ്ടാക്കളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.