വാടിക്കൽ കടവ് -മാട്ടൂൽ റോഡ് തകർച്ചയിൽ
text_fieldsപഴയങ്ങാടി: ബീബി റോഡ് മുതൽ മാട്ടൂൽ നോർത്ത് പഴയ മുനീർ സ്കൂൾ വരെയുള്ള 2.4 കി.മീ ദൈർഘ്യത്തിലുള്ള റോഡ് തകർന്ന് ഗതാഗതം ദുരിതത്തിൽ. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ പാത പഴയങ്ങാടി - മാട്ടുൽ പുഴയുടെ തീരദേശ റോഡാണ്. റോഡ് തകർച്ചയിൽ ഗതാഗതം അസാധ്യമായതോടെ വ്യാപകമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് രണ്ട് വർഷം മുമ്പ് അറ്റകുറ്റപണി നടത്തിയതായിരുന്നു. ഈ പാതയിലെ സുൽത്താൻ തോട്ടിന് സമീപത്ത് കോൺക്രീറ്റ് ചെയ്ത് പാത കൂടുതൽ സുരക്ഷിതമാക്കാൻ 45 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നു.
രണ്ടു ഘട്ടങ്ങളിലായാണ് നവീകരണം പൂർത്തിയാക്കുക. ഒന്നാംഘട്ടം റോഡിന്റെ അറ്റകുറ്റപ്പണിയും രണ്ടാംഘട്ടം ഓവുചാൽ നിർമാണവുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഒന്നാം ഘട്ടത്തിൽ അറ്റകുറ്റപ്പണി നിർവഹിച്ചതല്ലാതെ രണ്ടാംഘട്ടത്തിലെ ഓവുചാൽ നിർമാണമുണ്ടായില്ല.
രണ്ടു വർഷം മുമ്പ് അറ്റകുറ്റപണി നടത്തിയ മേഖലയും റോഡിന്റെ മറ്റു ഭാഗങ്ങളും തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുരിതത്തിലാണ്. ആറു ദിവസത്തിനുള്ളിൽ മൂന്ന് ബൈക്കുകളാണ് രാത്രിയിൽ അപകടത്തിൽപ്പെട്ടത്.
പഴയങ്ങാടിയിൽനിന്ന് മാട്ടൂലിലേക്ക് മൂന്നു കി.മീ ദൈർഘ്യം ലാഭിക്കാൻ കഴിയുന്ന പാത കൂടിയാണിത്. മാടായി, മാട്ടൂൽ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ തീരദേശ പാതയാണ് വാടിക്കൽ നിവാസികൾക്ക് പഴയങ്ങാടിയിലെത്താനുള്ള ഏകപാത. നിരവധി സ്കൂൾ ബസുകൾ സർവിസ് നടത്തുന്നതും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കടക്കം ആംബുലൻസുകൾ അതിവേഗമെത്താൻ ആശ്രയിക്കുന്ന പാതയുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.