യാത്രാ ബോട്ടുകൾ ഓടുമോ ഈ ജലപാതയിൽ; നോക്കുകുത്തികളായി ബോട്ടു ജെട്ടികളും
text_fieldsപഴയങ്ങാടി: കരപാതകളിലെ യാത്രക്കുരുക്കും ശബ്ദ ശല്യവും മലിനീകരണവുമൊഴിവാക്കി ഗതാഗതത്തിന് ജലപാത ഉപയോഗപ്പെടുത്താൻ അനന്ത സാധ്യതകളുള്ള മേഖലകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പറശ്ശിനിക്കടവ്, വളപട്ടണം, ചെറുകുന്ന്, മാട്ടൂൽ, മാടായി, ഏഴോം ജലപാതകൾ ബോട്ട് സർവിസുകളിലൂടെ ഫലപ്രദമായി ഗതാഗതത്തിനു ഉപയോഗിക്കാവുന്ന മേഖലയാണ്.
മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയിൽ വിഭാവനം ചെയ്യുന്ന ടൂറിസം ലക്ഷ്യമിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബോട്ടു ജെട്ടികൾ മേഖലയിൽ നിർമിച്ചിട്ടുള്ളത്. എന്നാൽ ടൂറിസം പദ്ധതികളുടെ ഭാഗമായി ഉല്ലാസ യാത്ര ബോട്ടുകൾക്ക് ആവശ്യമായതിലേറെ സ്ഥാപിച്ച ബോട്ടുജെട്ടികൾ രണ്ടും മൂന്നും വർഷങ്ങളായി നോക്കുകുത്തികളായി നിലകൊള്ളുകയാണ്. മൂന്നുകോടി രൂപ ചിലവഴിച്ചാണ് പഴയങ്ങാടിയിൽ ബോട്ടു ജെട്ടി സ്ഥാപിച്ചത്.
100 മീറ്റർ ദൈർഘ്യത്തിൽ നിർമിച്ച ബോട്ട് ടെർമിനലിൽ 40 മീറ്റർ നടപ്പാതയാണ്. 60 മീറ്ററിൽ നാല് ബോട്ടുകൾ കരക്കടുപ്പിക്കാനുള്ള സൗകര്യമുണ്ടിവിടെ. ആകർഷകമായി സൗര വിളക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. മാടായി പഞ്ചായത്തിലെ പഴയങ്ങാടിയിലെ ഈ ഒരൊറ്റ ടെർമിനലിന് മൂന്നു കോടി രൂപയാണ് ചിലവഴിച്ചത്. ഒന്നര കി.മീ അകലത്തിൽ ഇതേ പഞ്ചായത്തിലെ മാടായി വാടിക്കലിലും സൗകര്യപ്രദമായ രീതിയിൽ മറ്റൊരു ടെർമിനലിന്റെ ജോലിയും പൂർത്തീകരിച്ചിട്ടുണ്ട്. പട്ടുവം മുതുകുട , പട്ടുവം മംഗലഗ്ഗേരി , തെക്കുമ്പാട് , മാട്ടൂൽ നോർത്ത്, ചെറുകുന്ന് പഴങ്ങോട്, താവം, എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികളുടെ പണി പൂർണമായിട്ടുണ്ട്. ചെറുകുന്ന് പഞ്ചായത്തിലെ മുട്ടിൽ, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സൗത്ത് എന്നിവിടങ്ങളിലെ ബോട്ട് ടെർമിനലുകളുടെ നിർമാണ പ്രവർത്തി അന്തിമഘട്ടത്തിലാണ്. ആറ് പഞ്ചായത്തുകളിലായി ഉപയോഗപ്പെടുത്താനാവുന്നതും പരസ്പരം ബന്ധിപ്പിക്കുന്നതുമായ ജലപാത സൗകര്യമുണ്ട്.
1960 കളിൽ പറശ്ശനിക്കടവ്, വളപട്ടണം, മാട്ടൂൽ, മാടായി, ഏഴോം, കുപ്പം പുഴകളിലുടെ തളിപ്പറമ്പിലേക്കും തിരിച്ചും നാലിലധികം സ്വകാര്യ ബോട്ടുകൾ ലാഭകരമായി സർവിസ് നടത്തിയ മേഖലകളാണിത്. സുൽത്താൻ തോട് ഒന്നാം ഘട്ട വികസനത്തെ തുടർന്ന് ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ടുകൾ വീണ്ടും സർവിസ് നടത്തിയിരുന്നു.
എന്നാൽ യാത്രക്കാർ കൂടി വരുന്നതനുസരിച്ച് സർവിസുകൾ വർധിപ്പിക്കാനോ ബോട്ടുകൾക്ക് സമയനിഷ്ഠ പാലിക്കാനോ കഴിയാതായി. തുടർന്ന് അറ്റകുറ്റപണികൾക്കെന്ന പേരിൽ കരക്ക് കയറ്റിയ ബോട്ടുകൾ അധികൃതർ പിന്നെ വെള്ളത്തിലിറക്കാതിരിക്കുകയായിരുന്നു. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ചും സമയ നിഷ്ഠ പാലിച്ചും സർവിസ് നടത്തിയാൽ ജലഗതാഗതത്തിന് അനന്ത സാധ്യതകളുള്ള ഈ മേഖലയിൽ ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ടുകളിറക്കി ജലഗതാഗതം യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.