മാലിന്യം തരംതിരിക്കാതെ സൂക്ഷിച്ചാൽ പിഴ
text_fieldsകണ്ണൂർ: മാലിന്യം തരംതിരിക്കാതെ സൂക്ഷിച്ചാൽ പിഴയടക്കേണ്ടിവരും. ജൈവം, അജൈവം എന്നിങ്ങനെ മാലിന്യം തരംതിരിച്ച് വെക്കാൻ കഴിഞ്ഞ ഒക്ടോബർ ഏഴിന് സർക്കാർ ഉത്തരവ് പ്രകാരം കടകളിൽ രണ്ടു തരം ബിന്നുകൾ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.
കച്ചവടം നടത്തുന്ന ഉൽപന്നങ്ങളുടെ സ്വഭാവമനുസരിച്ച് കൂടുതൽ ബിന്നുകൾ ആവശ്യമെങ്കിൽ സജ്ജീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. മാലിന്യങ്ങൾ തരംതിരിക്കാതെ തന്നെ രണ്ടു ബിന്നുകളിലും സൂക്ഷിക്കുകയും അവ മാലിന്യ സംസ്കരണത്തിന് അനുമതിയില്ലാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൈമാറുന്നതായും തദ്ദേശ വകുപ്പിന്റെ എൻഫോഴ്സ്മെൻറ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. ജൈവ-അജൈവ മാലിന്യങ്ങൾ കൈയൊഴിയുന്നത് സംബന്ധിച്ച് ഏജൻസിയുടെ ഫോൺ നമ്പർ ഉൾപ്പെടെ വിവരങ്ങൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാപന ഉടമകൾ നൽകണം.
മാലിന്യം കൈമാറുന്ന ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പൽ ആക്ട് / പഞ്ചായത്തീരാജ് ആക്ട് പ്രകാരം പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും. കടകളിൽനിന്ന് നിരോധിത ഉൽപന്നങ്ങൾ കണ്ടെടുക്കുന്നപക്ഷം അത് കുറഞ്ഞ അളവിൽ കണ്ടെടുത്താൽ പോലും ചുമത്താവുന്ന തുക 10,000 രൂപയാണ്. സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ ഉൽപാദിപ്പിക്കുന്നില്ലെങ്കിലും സുലഭമായി ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച് നിർമാണം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താതെ കള്ളക്കടത്തായി സമാന്തര വിതരണക്കാർ വഴി എത്തിക്കുന്നവയാണ് വിപണിയിൽ എത്തുന്നത്. ഇതിനെതിരെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടപടി ശക്തമാക്കി. മണ്ണിൽ അലിഞ്ഞുചേരുന്ന പ്രകൃതിസൗഹൃദ ബയോ കാരി ബാഗുകൾ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.