ഇവിടെയുണ്ട്, പെൻഷനാകാത്ത ആ പോരാട്ടവീര്യം
text_fieldsകണ്ണൂർ: 'ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുണ്ടായിരുന്ന എനിക്ക് വിരമിച്ചശേഷം ലഭിച്ച പി.എഫ് പെൻഷൻ വെറും 1905 രൂപയായിരുന്നു. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് വരുമാന സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസറെ സമീപിച്ചപ്പോൾ എന്റെ പെൻഷൻ തുക കേട്ട് അദ്ദേഹം അന്തംവിട്ടു.
പി.എഫ് അധികൃതർ തന്നെപ്പോലെയുള്ളവരെ ചൂഷണം ചെയ്യുകയാണ്'..... മിൽമയിൽനിന്ന് ജനറൽ മാനേജറായി വിരമിച്ച അബ്ദുൽ ഖാദറിനോട് ആ വില്ലേജ് ഓഫിസറുടെ ആ മറുപടി ലക്ഷക്കണക്കിന് പെൻഷൻകാരെ സഹായിക്കുന്ന നിയമപോരാട്ടത്തിലേക്കുള്ള തുടക്കമായിരുന്നു.
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈകോടതി വിധി ശരിവെച്ച സുപ്രീംകോടതിയുടെ വിധി വരുമ്പോൾ പെൻഷന്റെ ആനുകൂല്യങ്ങൾക്കായുള്ള, രാജ്യത്തിലെത്തന്നെ ആദ്യപോരാളികളിലൊരാളായ അബ്ദുൽ ഖാദറെന്ന കണ്ണൂരുകാരന്റെ പോരാട്ടം എന്നും ഓർമിക്കപ്പെടുന്നതാണ്. പി.എഫ് കേസുമായി ബന്ധപ്പെട്ട്, തുടർന്ന് രാജ്യത്തെ തൊഴിലാളികളും തൊഴിലുടമകളും ആദ്യം ഉപദേശം തേടുന്നതും ഇദ്ദേഹത്തോടായിരുന്നു.
കോഴിക്കോട് മിൽമയിൽ ജനറൽ മാനേജറായിരുന്ന മുഴപ്പിലങ്ങാട് കുളം ബസാർ സ്വദേശി വി.പി. അബ്ദുൽ ഖാദർ 2012ലാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്. തുടർന്ന് മിൽമയിൽനിന്ന് വിരമിച്ച ചില സുഹൃത്തുക്കളോടൊപ്പം ചേർന്ന്, ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിയമ പോരാട്ടത്തിന് തുടക്കമായി. കെ.എസ്.എഫ്.ഇ, ഹാൻവീവ് എന്നിവയിലെ വിരമിച്ച ചില ജീവനക്കാരും ഒപ്പംകൂടി.
12 ശതമാനം പി.എഫ് തുക ശമ്പളത്തിൽനിന്ന് പിടിച്ചതിനാലും തുല്യതുക മാനേജ്മെന്റ് അടച്ചതിനാലും നിയമപ്രകാരം യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു പോരാട്ടം.
ഈ ആവശ്യമുന്നയിച്ച് 2012ൽ കേരള ഹൈകോടതിയിൽ വ്യക്തിപരമായി റിട്ട് ഹരജി സമർപ്പിച്ചു. ഹരജിയിൽ 2014ൽ, മിൽമയിലെ ഒരുപറ്റം ജീവനക്കാരടക്കം 85 പേർ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി അനുകൂല വിധി സമ്പാദിച്ചു. ഹൈകോടതി വിധിക്കെതിരെ പി.എഫ് അധികൃതർ 2016 മാർച്ചിൽ നൽകിയ പെറ്റീഷൻ തള്ളിയ സുപ്രീംകോടതി, അബ്ദുൽ ഖാദറിന്റെ വാദം ശരിവെക്കുകയായിരുന്നു.
ലക്ഷക്കണക്കിന് പെൻഷൻകാർക്ക് നീതി ലഭിക്കാൻ സഹായകമാകുന്ന ആദ്യ ചുവടുവെപ്പായിരുന്നു അത്. എന്നാൽ, ആ വിധികൊണ്ടൊന്നും അദ്ദേഹം തൃപ്തനല്ല. 'ആ നിയമയുദ്ധത്തിൽ എന്നെപ്പോലെ ചിലർ ഉയർന്ന പെൻഷൻ വാങ്ങി എന്നത് യാഥാർഥ്യമാണ്.
പക്ഷേ, അത് ഞങ്ങളുടെ മാത്രം അവകാശമല്ല. എല്ലാവർക്കും അത് കിട്ടുന്നതുവരെ എല്ലാ തൊഴിലാളികളും യൂനിയനുകളും ആ സമരത്തിന്റെ ഭാഗമാവണം' -ഒട്ടും കുറയാത്ത പോരാട്ടവീര്യത്തോടെ അബ്ദുൽ ഖാദർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.