യുവാക്കൾ ജാഗ്രതൈ! പുകയില ശീലമുള്ളവർക്ക് വധുവിനെ കിട്ടില്ല...
text_fieldsകണ്ണൂർ: പുകയില ശീലമുള്ള വരന്മാരെ തങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിക്കില്ലെന്ന് ഒരുകൂട്ടം വിദ്യാർഥിനികളുടെ പ്രതിജ്ഞ. ഈ പ്രതിജ്ഞ യുവാക്കളെ പുകയില ശീലത്തിൽനിന്നും തീർച്ചയായും പിന്തിരിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായി ഭൂരിഭാഗം വിദ്യാർഥിനികളും അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തിയ പുകയില വിരുദ്ധ ദിനാചരണ പരിപാടിയിൽ പെങ്കടുത്ത 220 വിദ്യാർഥിനികളാണ് ശ്രദ്ധേയമായ പ്രതിജ്ഞയെടുത്തത്.
'പുകവലി ഉപേക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത' എന്നതായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണത്തിെൻറ മുദ്രാവാക്യം. ഇതിെൻറ ഭാഗമായി കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 220 വിദ്യാർഥിനികളെ പങ്കെടുപ്പിച്ചു നടത്തിയ സൂം വെബിനാർ ഇവരുടെ പ്രതിജ്ഞകൊണ്ട് പുതുമയാർന്നതായി. പങ്കെടുത്ത 220 കോളജ് വിദ്യാർഥിനികളും, പുകയില ഉൽപന്നങ്ങൾ തങ്ങളുടെ ജീവിതത്തിൽ ഉപയോഗിക്കില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ബോധവത്കരണത്തിലൂടെ പുകവലി ശീലം ഒഴിവാക്കിയ അഞ്ച് വ്യക്തികളെ വെബിനാറിൽ അഭിനന്ദിച്ചു. ഉച്ചക്കുശേഷം നടന്ന ബോധവത്കരണ പരിപാടി ആർ.സി.സി മുൻ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവൻ ഡോ. ബാബു മാത്യു ഉദ്ഘാടനം ചെയ്തു.
എം.സി.സി.എസ് പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. എം.സി.സി.എസ് വൈസ് പ്രസിഡൻറ് ഡോ.ബി.വി. ഭട്ട്, ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് പ്രോജക്ട് മെഡിക്കൽ ഡയറക്ടർ ഡോ. സുചിത്ര സുധീർ എന്നിവർ സംസാരിച്ചു. ആർ.സി.സി അഡീഷനൽ പ്രഫസർ ഡോ. ആർ. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ക്ലാസുകൾക്ക് എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് മേജർ പി. ഗോവിന്ദൻ സ്വാഗതവും ജോ. സെക്രട്ടറി ടി.എം. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.