കുടിവെള്ളം കിട്ടാതെ ജനം; പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
text_fieldsഎടക്കാട്: കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ വലയുമ്പോഴും ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
രണ്ടാംവാർഡിൽ ദേശീയപാതക്കരികിലൂടെ പോകുന്ന സർവിസ് റോഡിനടിയിലെ പൈപ്പ് മൂന്ന് സ്ഥലത്ത് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരുമാസമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പൊലീസ് സ്റ്റേഷന് സമീപം, ഷാദുലിയ മസ്ജിദ്, കുളം ബസാർ എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടാണ് കൂടുതലും ഇത്തരം സംഭവം ഉണ്ടാകുന്നത്. ഇവ നന്നാക്കണമെങ്കിൽ പണി തീർത്ത സർവിസ് റോഡ് ഉൾപ്പെടെ കുഴിക്കേണ്ടിവരും. അതിന് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടവരുടെ കൂടി സഹകരണം ആവശ്യമാണ്. പൈപ്പ് പൊട്ടി റോഡിൽ വെള്ളം ഒഴുകുന്നത് അധികൃതർ കാണുന്ന സ്ഥലമായിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നാം വാർഡിൽ പാച്ചാക്കര, രണ്ടാം വാർഡിൽ മലക്ക് താഴെ, 15ാം വാർഡ് ഡിസ്പെൻസറി, തീരദേശ മേഖല ഉൾപ്പെടെ കുടിവെള്ളം കിട്ടാതെ ജനം ദുരിതമനുഭവിക്കുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കിണർ വെള്ളം ഉപയോഗിക്കാൻ പറ്റാത്തതു കാരണം പല കുടുംബങ്ങളും ജല അതോറിറ്റി വഴി വരുന്ന പൈപ്പ് വെള്ളമാണ് ആശ്രയിക്കുന്നത്. രണ്ടും മൂന്നും ദിവസത്തേക്കുള്ള വെള്ളം വലിയ ടാങ്കിൽ ശേഖരിച്ച് വെക്കുന്നവരാണ് ഇവിടെയുള്ളവർ. എന്നാൽ, ദിവസങ്ങളോളം വെള്ളം വരാത്ത അവസ്ഥ വന്നാൽ കുടിവെള്ളം കിട്ടാതെ വലിയ പ്രയാസത്തിലാവും.
"ദിവസങ്ങളോളം കുടിവെള്ളം കിട്ടാതെ വരുന്നത് വലിയ ദുരിതമാണ്. ഉടൻ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണം".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.