പേരാവൂർ താലൂക്ക് ആശുപത്രി: പ്രതിഷേധം ഫലം കണ്ടു, അത്യാഹിത വിഭാഗം 24 മണിക്കൂറും
text_fieldsപേരാവൂർ: ഞായറാഴ്ച മുതൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ അപര്യാപ്ത മൂലം കഴിഞ്ഞ ഒരാഴ്ചയായി രാത്രി എട്ട് മണി വരെയാക്കി കാഷ്വാലിറ്റിയുടെ പ്രവർത്തനം ക്രമീകരിച്ചത് ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് താത്കാലിക ഡോക്ടറെ നിയമിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
കോൺഗ്രസ്, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, ബി.ജെ.പി, സി.പി.ഐ തുടങ്ങിയ പാർട്ടികൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ ദിവസങ്ങളായി പ്രതിഷേധ പരമ്പര നടത്തുകയായിരുന്നു.
ഡോക്ടർമാരുടെ ക്ഷാമം കാരണം പേരാവൂർ താലൂക്ക് ആശുപത്രിയിൽ രാത്രിയിലെ അത്യാഹിത വിഭാഗം നിർത്തലാക്കിയ സംഭവം ഗൗരവത്തോടെ കാണണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഇരിട്ടി താലൂക്ക് വികസന സമിതിയോഗവും ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിൽ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച സണ്ണി ജോസഫ് എം.എൽ.എയും. താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കാൻ ജില്ല ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിയിൽ അഞ്ചു ഡോക്ടർമാരുടെ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒരു വർഷമായി കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറുടെ തസ്തികയിലുള്ളയാൾ അവധിയിലാണ്. അവധിയായതിനാൽ ഈ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്താൻ സാധിക്കുന്നില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതർ യോഗത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.