അപകടങ്ങൾ പതിവാകുന്നു; കാട് തെളിക്കാതെ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡ്
text_fieldsപേരാവൂർ: വനമേഖലയായ നിടുമ്പൊയിൽ -മാനന്തവാടി ചുരം റോഡരികിലെ കാടുവെട്ടിത്തെളിക്കാത്തതും ഓടവൃത്തിയാക്കലും നടത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കണിച്ചാർ, കോളയാട് പഞ്ചായത്ത് അതിർത്തികളിലൂടെ കടന്നുപോകുന്ന റോഡിൽ രണ്ടു വർഷത്തിലേറെയായി റോഡരിക് വെട്ടിത്തെളിക്കലും ഓട വൃത്തിയാക്കലും നടത്തിയിട്ടില്ല.
നിടുമ്പൊയിൽ ചുരം റോഡിൽ മുടിപ്പിൻ വളവുകൾക്ക് പുറമെ നിരവധി വളവുകളുണ്ട്. റോഡരികിൽ കാടു വളർന്നു നിൽക്കുന്നതിനാൽ യാത്രക്കാർക്ക് പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമാണ്.
പലസമയത്തും മഞ്ഞുമൂടിക്കിടക്കുന്ന റോഡിൽ കാടുവെട്ടിത്തെളിക്കാത്തത് വലിയ പ്രതിസന്ധിയാവുകയാണ്. എതിരെ വരുന്ന വാഹനം അടുത്തെത്തുമ്പോൾ മാത്രമാണ് കാണാനാകുന്നതെന്ന് യാത്രക്കാർ പറയുന്നു. അപകടങ്ങളും പാതയിൽ പതിവായിട്ടുണ്ട്.
ഓടകൾ വൃത്തിയാക്കാത്തതിനാൽ മണ്ണ് അടിഞ്ഞ് മുകളിൽ കാടുവളർന്ന അവസ്ഥയാണ്. മഴവെള്ളം ഒഴുകി പല സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുമുണ്ട്. ഇരുവശവും വനമായതിനാൽ നിരവധി മരക്കൊമ്പുകളടക്കം റോഡിലേക്ക് വളർന്നുനിന്ന് കാൽനടക്കാർക്കും ബുദ്ധിമുട്ടാവുകയാണ്. നിടുമ്പൊയിൽ മുതൽ വയനാട്ടിലെ പേരിയ വരെ 20 കിലോമീറ്റർ ദൂരമുണ്ട്.
ഇതിൽ ഭൂരിഭാഗവും ചുരം വളവുകളടക്കമുള്ള കൊടും വളവുകളാണ്. ഈ ഭാഗങ്ങളിൽ ചരക്കുവാഹനങ്ങളടക്കം അപകടത്തിലാകുന്നത് പതിവാണ്. കൊട്ടിയൂർ -പാൽച്ചുരത്തിൽ റോഡ് തകർന്നതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. അരികുകളിൽ കാടു വളർന്നു നിൽക്കുന്നതിനാൽ യാത്രാ വാഹനക്കൾക്ക് വലിയ ചരക്കു വാഹനങ്ങളെ മറികടന്നുപോകാനും സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.