ആറളം ഫാമിൽ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി താളംതെറ്റി; പുനരധിവാസമേഖലയിലെ 100 ഏക്കറോളം ഭൂമി കൈയേറ്റക്കാരുടെ പിടിയിൽ
text_fieldsപേരാവൂർ: ആറളം ഫാമിൽ വിവിധ ഘട്ടങ്ങളിലായി ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ താളംതെറ്റി. കൂടാതെ ആറളത്തെ ഭൂമിയുടെ കൈവശാവകാശ രേഖകൾ കൈപ്പറ്റിയ ശേഷം നാളിതുവരെയായി ഭൂമി ഏറ്റെടുത്തു താമസിക്കാത്ത നൂറു കണക്കിനാളുകളുടെ ഭൂമി ഏറ്റെടുത്ത് പകരം ഭൂരഹിതരായ മറ്റുള്ള ആദിവാസി കുടുംബങ്ങൾക്ക് നൽകുമെന്നുള്ള പ്രഖ്യാപനവും നടപ്പായില്ല.
വിവിധ ജില്ലകളിലെ ഭൂരഹിതരായ 3,304 ആദിവാസികൾക്ക് ഭൂമി പതിച്ചുനൽകിയിട്ടും ഫാമിലെ കൈയേറ്റം അവസാനിച്ചിരുന്നില്ല. പുനരധിവാസമേഖലയിലെ നൂറു ഏക്കറോളം ഭൂമി കൈയേറ്റക്കാരുടെ പിടിയിലാണെന്നും വിവിധ കാലഘട്ടങ്ങളിലായി ഭൂരഹിതർക്ക് പതിച്ചുനൽകിയ ഭൂമിയാണ് ഇപ്പോൾ കൈയേറ്റക്കാരുടെ നിയന്ത്രണത്തിലായിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. പുനരധിവാസ മേഖലയിൽ ഒരേക്കർ ഭൂമി വീതം പട്ടയം ലഭിച്ച 3,304 ആദിവാസി കുടുംബങ്ങളിൽ 1800ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഫാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്.
പട്ടയം നൽകിയ ഭൂമിയായതിനാൽ കൈയേറ്റക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കേണ്ടന്ന നിലപാടാണ് ജില്ല ഭരണകൂടവും ആദിവാസി പുനരധിവാസ മിഷനും ആദ്യഘട്ടങ്ങളിൽ സ്വീകരിച്ചത്. പട്ടയം കൈപ്പറ്റിയവർ തങ്ങളുടെ ഭൂമിയിൽ അവകാശവുമായി വന്നാൽ ഒഴിപ്പിക്കാമെന്ന നിലപാടിലായിരുന്നു അധികൃതർ. കൈയേറ്റം സംഘർഷത്തിന്റെ വക്കിലെത്തിയതോടെയാണ് ജില്ല ഭരണകൂടം മുമ്പ് ഇടപെട്ടത്.
പട്ടയം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥിരതാമസമാക്കാത്തവരെ കണ്ടെത്താൻ സർവേ നടത്തിയിരുന്നു. തുടർന്ന് ഇവർക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയെങ്കിലും ഭൂരിപക്ഷവും ഫാമിലെ ഭൂമി അവഗണിച്ചു. ആറളത്തെ കാട്ടാന ശല്യവും ജീവിതദുരിതവുമാണ് ഭൂരഹിതരായിട്ടും ആറളത്തെത്താതെ പഴയ കോളനി കുടിലുകളിൽ തുടർന്നും വസിക്കാൻ പ്രേരകമായത്.
ആറളം ഫാമിൽ ഭൂമി ഏറ്റെടുക്കാത്തവരുടെ കൈവശരേഖകൾ റദ്ദാക്കി പകരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി 350 ഓളം ഭൂരഹിത കുടുംബങ്ങൾ നൽകിയ അപേക്ഷകളും ചുവപ്പുനാടയിൽ കുടുങ്ങിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.